വെബ് ഡെസ്ക്ക് | | 1 minute Read
അഷ്ടമിവിളക്കിന് സ്വർണ്ണപ്രഭ വിതറി ഗുരുവായൂരപ്പൻ സ്വർണ്ണക്കോലത്തിൽ എഴുന്നള്ളി. അഷ്ടമി വിളക്ക് ദിവസമായ തിങ്കളാഴ്ച രാത്രി വിളക്കെഴുന്നള്ളിപ്പിന്റെ നാലാമത്തെ പ്രദക്ഷിണത്തിലാണ് സ്വർണക്കോലം ആനപ്പുറത്ത് എഴുന്നള്ളിച്ചത്.
ഏകാദശി വരെ ഇനി കനക പ്രഭയിലാകും ഗുരുവായൂരപ്പന്റെ എഴുന്നള്ളിപ്പ്.
അഷ്ടമി വിളക്ക് തെളിഞ്ഞ് നാലാമത്തെ പ്രദക്ഷിണത്തിൽ കൊമ്പൻ ഇന്ദ്രസെൻ സ്വർണ്ണക്കോലം എഴുന്നള്ളിച്ചപ്പോൾ ക്ഷേത്രത്തിനകത്ത് തിങ്ങി നിറഞ്ഞ ഭക്തജന സഹസ്രം നാരായണ നാമജപ മന്ത്രം ഉരുവിട്ട് തൊഴുതു.
കോടികൾ വിലമതിക്കുന്ന സ്വർണക്കോലം ഉത്സവം, ഏകാദശി, അഷ്ടമിരോഹിണി ആഘോഷങ്ങൾക്ക് മാത്രമേ എഴുന്നള്ളിക്കാറുള്ളൂ.
ഏകാദശി വിളക്കിന്റെ അവസാന നാല് ദിവസങ്ങളായ അഷ്ടമി, നവമി, ദശമി, ഏകാദശി ദിനങ്ങളിലാണ് സ്വർണക്കോലം എഴുന്നള്ളിക്കുക.
എഴുന്നള്ളിപ്പിന് ഇടയ്ക്കയും നാഗസ്വരവും അകമ്പടിയായി. കൊമ്പൻമാരായ രവികൃഷ്ണയും ബൽറാമും പറ്റാനകളായി.
ഗുരുവായൂരിലെ പുരാതന തറവാട്ടുക്കാരായ പുളിക്കിഴെ വാരിയത്ത് കുടുംബം വകയായിരുന്നു അഷ്ടമി വിളക്ക്.
നവമി ദിവസമായ ചൊവ്വാഴ്ച ഗുരുവായൂരിലെ പുരാതന കുടുംബമായ കൊളാടി കുടുംബം വകയാണ് വിളക്ക്. കൊളാടി കുടുംബത്തിലെ ഇപ്പോഴത്തെ കാരണവരായ ഡോക്ടർ ജയകൃഷ്ണന്റെ പേരിലാണ് നവമി വിളക്ക് ആഘോഷിക്കുന്നത്.
നവമിളക്കിനോട് അനുബന്ധിച്ച് നവമി നമസ്കാര സദ്യയും ഉണ്ടാകും. ബുധനാഴ്ച ദശമി വിളക്ക് ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റ് വകയാണ്.
ഏകാദശി ദിനമായ വ്യാഴാഴ്ച ഗുരുവായൂർ ദേവസ്വം വക ഉദയാസ്തമന പൂജയോടെയുള്ള വിളക്കാണ്.
ദശമി ദിവസം രാവിലെ ക്ഷേത്ര നട തുടർന്നാൽ പിന്നെ ഏകാദശിയും പിന്നിട്ട് ദ്വാദശി നാളിൽ രാവിലെ 9 ന് മാത്രമേ നടയടക്കൂ.
Also Read » ഗുരുവായൂരിൽ ഗതാഗതപരിഷ്കാരം : ഔട്ടർ റിങ് റോഡിലും വൺവേ
Also Read » ഘനരാഗങ്ങൾ പെയ്തിറങ്ങി; സംഗീത മാധൂര്യമായി പഞ്ചരത്ന കീർത്തനാലാപനം
English Summary : Guruvayoor News in Cinema