വെബ് ഡെസ്ക്ക് | | 1 minute Read
ആറു മാസത്തിനിടെ രണ്ടാം തവണയും ശ്രീഗുരുവായൂരപ്പനെ തൊഴുത് ദർശനസാഫല്യം നേടി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
രാമസേവാസമിതിയുടെ രാമകഥ പരിപാടിയിൽ പങ്കെടുക്കാൻ ഗുരുവായൂരിലെത്തിയപ്പോഴാണ് ഗവർണർ ഗുരുവായൂരപ്പനെ തൊഴാനെത്തിയത്.
ഇന്ന് വൈകുന്നേരം നാലു മണിയോടെ ക്ഷേത്രത്തിന് പുറത്ത് കിഴക്കേ നടയിലെ ദീപസ്തംഭത്തിന് സമീപം നിന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കണ്ണനെ തൊഴുതു.
കൈകൂപ്പി ഏതാനം മിനിട്ടു നേരം തൊഴുതു നിന്ന ഗവർണ്ണർക്ക് ശ്രീ ഗുരുവായൂരപ്പൻ്റെ കളഭവും തിരുമുടി മാലയും പഴവും പഞ്ചസാരയും അടങ്ങുന്നപ്രസാദങ്ങൾ നൽകി.ഉച്ചയ്ക്ക് ഒരു മണിയോടെ ശ്രീവൽസം അതിഥിമന്ദിരത്തിലെത്തിയ ഗവർണറെ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.
ദേവസ്വം ചെയർമാൻ ഗവർണറെ ഷാൾ അണിയിച്ചു.2024 വർഷത്തെ ദേവസ്വം ഡയറി ചെയർമാൻ ഗവർണ്ണർക്ക് സമ്മാനിച്ചു.
ക്ഷേത്രത്തിലെ പ്രസാദ ഊട്ട് വിഭവങ്ങളാണ് ഉച്ചയ്ക്ക് ഗവർണ്ണർ കഴിച്ചത്. അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരമായിരുന്നു ഇത്.
ദേവസ്വം ചെയർമാനും ഭരണ സമിതി അംഗം സി.മനോജും അഡ്മിനിസ്ട്രറ്ററും ഗവർണർക്കൊപ്പം പങ്കുചേർന്നു .
കഴിഞ്ഞ മേയ് 6 ന് ഗവർണർ ക്ഷേത്ര ദർശനം നടത്തിയിരുന്നു. അന്ന് കിഴക്കേ നടയിൽ വെച്ച് ഗവർണർക്ക് കദളിപ്പഴം കൊണ്ട് തുലാഭാരം വഴിപാടും നടത്തിയിരുന്നു.
Also Read » ഇന്ന് മുതൽ ഗുരുവായൂരിൽ സ്വർണ്ണക്കോലം എഴുന്നള്ളത്ത്
Also Read » ഗുരുവായൂരിൽ ഇന്നും നാളെയും സമ്പൂർണ നെയ് വിളക്ക്
English Summary : Arif Mohammad Khan Visits Guruvayur Temple in District News