| 1 minute Read
ഭാഗ്യം വിറ്റ് ജീവിക്കുന്ന മാറഞ്ചേരി മുക്കാല സ്വദേശി മണികണ്ഠനും ഭാര്യ സുന്ദരിയും നിർഭാഗ്യത്തിന്റെ ചുഴിയിലായിരുന്നു ഏതാനും നാളുകൾ.
ഭിന്നശേഷിക്കാരനായ മണികണ്ഠൻ ലോട്ടറി വിൽപ്പന നടത്തിയാണ് ഉപജീവനത്തിനുള്ള വഴി കണ്ടെത്തുന്നത്. ഭർത്താവിന് സഹായമായി ഭാര്യ സുന്ദരിയും എപ്പോഴും കൂടെ കാണും.
അടുത്തിടെ ഇവരുടെ മുച്ചക്ര സ്‌കൂട്ടർ നന്നാക്കാനാവാത്ത വിധം തകരാറിലായതാണ് ഇവരുടെ ഉപജീവനമാർഗത്തിന് വിലങ്ങു തടിയായി മാറിയത്.
പുതിയ സ്‌കൂട്ടർ ലഭിക്കാൻ പലയിടങ്ങളിലും കയറിയിറങ്ങിയെങ്കിലും നേരത്തെ സ്‌കൂട്ടർ ലഭിച്ച കാരണത്താൽ പരിഗണിച്ചില്ല. ഇതിനെ തുടർന്നാണ് പൊന്നാനിയിലെ താലൂക്ക്തല അദാലത്തിൽ ആവശ്യവുമായി മണികണ്ഠനും ഭാര്യയും മന്ത്രി വി. അബ്ദുറഹിമാന് മുന്നിലെത്തുന്നത്.
ഇവരുടെ ആവശ്യം ന്യായമാണെന്ന് മനസിലാക്കിയ മന്ത്രി ഇവർക്ക് മുച്ചക്ര സ്‌കൂട്ടർ അനുവദിക്കാൻ ഉത്തരവിടുകയായിരുന്നു. പൊന്നാനിയിലെ ഭാഗ്യാന്വേഷികൾക്ക് മുന്നിൽ ഭാഗ്യത്തിന്റെ കടലാസുമായി മണികണ്ഠനും സുന്ദരിയും ഇനിയും സ്‌കൂട്ടറിലെത്തും.
Also Read » കെഎസ്ആർടിസി ജീവനക്കാരുടെ സമയോചിത ഇടപെടൽ....അനുമോദനം അർപ്പിച്ച് പുഷ്പഗിരി
Also Read » കർണാടകത്തിൽ കോൺഗ്രസ്സ് മഹാഭൂരിപക്ഷം നേടി അധികാരത്തിൽ വരും : കെ സുധാകരൻ എം പി
English Summary : Manikandan And Sundari Will Come Again On A Three Wheeler Minister S Intervention To Allow Three Wheeler Scooter in District News