വെബ് ഡെസ്ക്ക് | | 2 minutes Read
എറണാകുളം : വർഷങ്ങൾക്കുശേഷം വീണ്ടും സജീവമായി ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ മില്ലുങ്കൽ ചന്ത. 25 വർഷങ്ങൾക്കു മുമ്പ് വരെ വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചരുന്ന മില്ലുങ്കൽ ചന്തയിലേക്ക് വിദൂര ദേശങ്ങളിൽ നിന്നും ആവശ്യക്കാർ തേടിയെത്തിയിരുന്നു.
മറ്റു പ്രദേശങ്ങളിലെ നിത്യോപയോഗ സാധനങ്ങൾ ചന്തയിൽ എത്തിച്ചും പഞ്ചായത്ത് പരിധിയിൽ വിളയിച്ചെടുത്ത കാർഷിക ഉൽപ്പന്നങ്ങൾ ദൂരദേശങ്ങളിലേക്ക് പോലും വിപണനം നടത്തുകയും ചെയ്തിരുന്നു. മുമ്പ് കൊച്ചിയിൽ നിന്ന് വരെ മില്ലുങ്കൽ കനാൽ വഴി ആളുകൾ ചന്തയിലേക്ക് സാധനങ്ങൾ കൊണ്ടുവന്നിരുന്നതും തിരികെ പോയിരുന്നതും.
ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും പ്രയത്നഫലമായാണ് വർഷങ്ങൾക്കുശേഷം മില്ലുങ്കൽ ചന്ത സജീവമായത്.
വിഷരഹിതമായ നല്ല പച്ചക്കറി നാട്ടിലെ ആളുകൾക്ക് ഉറപ്പാക്കുക, കർഷകരെ തിരിച്ചുകൊണ്ടുവരിക, ഇടനിലക്കാരില്ലാതെ കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കുക, കൃഷി പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മില്ലുങ്കൽ ചന്ത പുനരാരംഭിച്ചിരിക്കുന്നത്.
ബുധൻ, ശനി ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ ഒമ്പത് വരെയാണ് ചന്ത പ്രവർത്തിക്കുന്നത്. പഴം, പച്ചക്കറി, മീൻ, നാടൻ കോഴികൾ, നാടൻ മുട്ടകൾ, അച്ചാറുകൾ തുടങ്ങിയ മായമില്ലാത്ത വിവിധ ഉൽപ്പന്നങ്ങൾ ചന്തയിൽ നിന്ന് ആവശ്യക്കാർക്ക് ലഭിക്കും.
ചന്തയെക്കുറിച്ച് കേട്ടറിഞ്ഞ് മറ്റു പഞ്ചായത്തുകളിൽ നിന്നും സാധനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ആളുകൾ എത്തുന്നുണ്ട്. ചന്തയിലെത്തുന്ന സാധനങ്ങൾക്ക് ആവശ്യക്കാർ കൂടുതലായി വരികയും എല്ലാ ഉൽപ്പന്നങ്ങളും സമയത്തിന് മുമ്പ് തന്നെ വില്പന നടത്തിയ ശേഷമാണ് കൃഷിക്കാർ ചന്തയിൽ മടങ്ങുന്നതെന്നും ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റ് ബിജു തോമസ് പറഞ്ഞു.
നിലവിൽ രാവിലെ മാത്രം പ്രവർത്തിക്കുന്ന ചന്ത വൈകുന്നേരങ്ങളിലും നടത്താൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആലോചിക്കുന്നുണ്ട്. കൂടാതെ മില്ലുങ്കലിൽ തന്നെ ചന്തയുടെ ഒരു റീട്ടെയിൽ ഔട്ട്ലെറ്റ്, ചന്തയിൽ എത്താൻ സാധിക്കാത്തവർക്ക് സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുന്നതിനുള്ള സൗകര്യവും ഭാവിയിൽ ആരംഭിക്കും.
ചന്ത കൂടുതൽ സജീവമാകുമ്പോൾ ബാക്കിവരുന്ന സാധനങ്ങൾ പ്രദേശത്തെ കടകളിൽ എത്തിച്ച് വിപണനം നടത്താനും പദ്ധതിയുണ്ട്.
Also Read » ഇന്നത്തെ വില നിലവാരം 21/09/2023
Also Read » 28 ഹെർണിയ സർജറികൾ ഒരു ദിവസം നടത്തി ചരിത്ര നേട്ടം സ്വന്തമാക്കി എറണാകുളം ജനറൽ ആശുപത്രി
English Summary : Millungal Vegetable Market Ernakulam in District News