സിദ്ധീഖ് വൈദ്യരങ്ങാടി | | 2 minutes Read
രാമനാട്ടുകര നഗരസഭയിൽ നിർമിക്കുന്ന മിനി സ്റ്റേഡിയത്തിന് വയൽനികത്താൻ അനുമതിലഭിക്കാത്തതിനാൽ നിർമാണം വൈകുന്നു. സ്റ്റേഡിയത്തിന് സ്ഥലംവാങ്ങി 13 വർഷം പിന്നിടുമ്പോഴും മിനി സ്റ്റേഡിയം സ്ഥലം ഇപ്പോഴും വെള്ളക്കെട്ടിൽത്തന്നെ. വയൽ നികത്താൻ വേണ്ടി രാമനാട്ടുകര നഗരസഭ ഇനി മുട്ടാത്ത വാതിലുകളൊന്നുമില്ല.
രാമനാട്ടുകരയിലെ കായികപ്രേമികളുടെ ചിരകാലാഭിലാഷമായ മിനി സ്റ്റേഡിയം നിർമിക്കാൻ 2010-ലാണ് മാളീരിത്താഴത്തെ 2.40 ഏക്കർ ചതുപ്പുനിലം അന്നത്തെ എൽ.ഡി.എഫ്. ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി 10.4 ലക്ഷം രൂപ ചെലവിൽ വാങ്ങിയത്.
ഡേറ്റ ബാങ്കിൽ ഉൾപ്പെട്ട കൃഷിസ്ഥലം നികത്തുന്നതിന്ന് സംസ്ഥാന നീർത്തട സംരക്ഷണ സമിതിയിൽനിന്ന് അനുമതി വാങ്ങാതെയാണ് അന്ന് വെള്ളക്കെട്ടായ ചതുപ്പുനിലം സ്വകാര്യവ്യക്തിയിൽനിന്ന് വാങ്ങിയത്. 2010-ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് 2010 സെപ്റ്റംബർ 12-ന് സ്റ്റേഡിയത്തിന്റെ നിർമാണപ്രവർത്തനവും ഉദ്ഘാടനംചെയ്തു.
തുടർന്ന് 2015-ൽ രാമനാട്ടുകര ഗ്രാമപ്പഞ്ചായത്ത് നഗരസഭയായ ശേഷം വെള്ളക്കെട്ട് നികത്തി സ്റ്റേഡിയം നിർമിക്കാൻ അനുമതി തേടിയെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ അനുമതിലഭിച്ചില്ല.
സ്റ്റേഡിയം നിർമാണത്തിന് വെള്ളംനിൽക്കുന്ന വയൽ നികത്താൻ അനുമതിതേടിക്കൊണ്ടുള്ള അപേക്ഷയിൽ പൊതു ആവശ്യത്തിനു വേണ്ടി വയൽനികത്തുന്നു എന്നുകാണിക്കാതെ അപേക്ഷ നൽകിയതാണ് വിനയായത്. പിന്നീട് ഇപ്പോഴത്തെ നഗരസഭാ ഭരണസമിതി തീരുമാനമെടുത്ത് വയൽനികത്താൻ അനുമതിക്ക് അപേക്ഷിച്ചുവെങ്കിലും ലഭിച്ചില്ല.
വയൽനികത്തുന്നതിനുള്ള അനുമതിക്കുവേണ്ടി രാമനാട്ടുകര നഗരസഭാ ചെയർപേഴ്സൺ ബുഷ്‌റ റഫീഖ് കൃഷിമന്ത്രി, റവന്യൂമന്ത്രി, മുൻ ചീഫ് സെക്രട്ടറി, ബേപ്പൂർ എം.എൽ.എ.യും പൊതുമരാമത്തുവകുപ്പുമന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവരെക്കണ്ട് നിവേദനം നൽകിയിട്ടും ഒരുഫലവും ഉണ്ടായിട്ടില്ല.
എന്നാൽ സ്റ്റേഡിയത്തിന് ഏറ്റെടുത്ത സർവേ നമ്പറിൽപ്പെട്ട ചതുപ്പുനിലമായ 78 ഏക്കർ സ്ഥലം നികത്തുന്നതിന്ന് റവന്യൂവകുപ്പ് വ്യവസായ വകുപ്പിന് അനുമതി നൽകുകയും ഈ സ്ഥലം നികത്തി ഇവിടെ കിൻഫ്രയുടെ നോളജ് പാർക്ക് നിർമിക്കുകയുംചെയ്തു.
ഇതിനോട് തൊട്ടുകിടക്കുന്ന സ്ഥലമാണ് സ്റ്റേഡിയത്തിനുവേണ്ടി വാങ്ങിയത്. എന്നാൽ, ഇതിനു നികത്താനുള്ള അനുമതി നൽകിയിട്ടുമില്ല. ഇത് വിരോധാഭാസമല്ലെ?
നിലം നികത്തി വ്യവസായം തുടങ്ങാമെങ്കില്‍ നിലം കളിസ്ഥലമാക്കുന്നതില്‍ എന്താണ് പ്രശ്‌നം എന്നാണ് കായിക പ്രേമികളുടെ ചോദ്യം.
(മഹത്തായ ലക്ഷ്യങ്ങൾ മനസ്സിലുറപ്പിക്കുക. അത് നേടിയെടുക്കാൻ കർമ്മോത്സുകതയോടെ പ്രവർത്തിക്കുക തുടങ്ങിയവയാണ് അസാധ്യമായതിനെ സാധ്യമാക്കാനുള്ള വഴികൾ. ആ വഴിക്ക് നിശ്ചയദാർഢ്യത്തോടെ നീങ്ങുകയാണ് നമ്മുടെ സർക്കാർ എന്നത് അറിയാമല്ലോ? ഒരിക്കലും നടക്കില്ല എന്ന് പലരും കരുതിയ എത്രയോ കാര്യങ്ങൾ നമ്മൾ നടത്തിയെടുത്തു.(നവകേരള സദസ്സിന് ക്ഷണിച്ചുകൊണ്ടുളള നോട്ടീസിൽ എഴുതിയത് )
Also Read » ഗുരുവായൂരിൽ ഗതാഗതപരിഷ്കാരം : ഔട്ടർ റിങ് റോഡിലും വൺവേ
Also Read » വേദികളിൽ വിസ്മയം തീർത്ത് അങ്കണവാടി ജീവനക്കാരുടെ ചെറുകാവ് ബ്രഹ്മ നൃത്തട്രൂപ്പ്
English Summary : Ramanattukara Municipality Local News in District News