| 1 minute Read
കൊച്ചി : മഴക്കാലങ്ങളില്‍ കടലേറ്റത്തെ പേടിച്ചു കഴിഞ്ഞിരുന്ന ചെല്ലാനത്തിന് ഇത് ആശ്വാസകാലം. വര്‍ഷങ്ങളായി ഭയപ്പെടുത്തിയിരുന്ന മണ്‍സൂണ്‍ കനത്തിട്ടും കടലേറ്റം രൂക്ഷമായിരുന്ന പല പ്രദേശങ്ങളും ഇപ്പോഴും ശാന്തമാണ്.
ചെല്ലാനത്ത് നടപ്പാക്കിയ ടെട്രാപോഡ് പദ്ധതി അടുത്ത ഘട്ടങ്ങളില്‍ സംസ്ഥാനത്തെ കടലേറ്റ ഭീഷണിയുള്ള മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണു സംസ്ഥാന സര്‍ക്കാര്‍. 344 കോടി രൂപയുടെ തീരസംരക്ഷണ പ്രവര്‍ത്തനങ്ങളാണ് ചെല്ലാനത്ത് ഇപ്പോള്‍ നടക്കുന്നത്.
ചെല്ലാനം ഹാര്‍ബര്‍ മുതല്‍ പുത്തന്‍തോട് വരെയുള്ള പ്രദേശങ്ങളില്‍ കടല്‍ ക്ഷോഭത്തില്‍ നിന്നു സംരക്ഷണം ഒരുക്കാന്‍ ടെട്രാപോഡ് ഉപയോഗിച്ചുള്ള കടല്‍ഭിത്തി നിര്‍മാണത്തോടെ സാധിച്ചു.
ചെന്നൈ ആസ്ഥാനമായ നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് നടത്തിയ പഠനത്തിന്റെയും തയ്യാറാക്കിയ രൂപരേഖയുടെയും അടിസ്ഥാനത്തില്‍ ഊരാളുങ്കല്‍ ലേബര്‍ സര്‍വീസ് സൊസൈറ്റിയാണ് ടെട്രാപോഡ് നിര്‍മാണം നിര്‍വഹിക്കുന്നത്. ജലസേചന വകുപ്പിന് കീഴിലുള്ള ആന്റി സീ എരോഷന്‍ പ്രൊജക്റ്റ് മാനേജ്മെന്റ് യൂണിറ്റിനാണ് പദ്ധതിയുടെ മേല്‍നോട്ടം.
2023 ഏപ്രിലിന് മുന്‍പായി 7.32 കിലോമീറ്റര്‍ കടല്‍ഭിത്തി നിര്‍മാണം പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. നിലവില്‍ 40 ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. നിര്‍മാണം കഴിഞ്ഞ പ്രദേശങ്ങളിലെ വാക് വേ നിര്‍മാണം മഴക്കാലത്തിനുശേഷം പുന:രാരാംഭിക്കും.
ടെട്രാപോഡ് നിര്‍മാണം ആദ്യഘട്ടം പുരോഗമിക്കുന്നതിന് ഒപ്പം തന്നെ രണ്ടാംഘട്ട പദ്ധതിയും ആരംഭിക്കാനാണ് നിലവിലെ തീരുമാനം. രണ്ടാം ഘട്ടത്തിലേക്കുള്ള പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി വരികയാണ്. രണ്ടുഘട്ടങ്ങളും പൂര്‍ത്തിയാകുന്നതോടെ 10 കിലോമീറ്ററില്‍ അധികം ദൂരം കടല്‍ത്തീരത്തിനു സംരക്ഷണം ഒരുങ്ങും. കണ്ണമാലി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ രണ്ടാംഘട്ടത്തില്‍ കടല്‍ ഭിത്തി നിര്‍മ്മിക്കും.
Also Read » കോതമംഗലത്തുണ്ടായ കനത്ത കാറ്റ്: നാശനഷ്ടം സംഭവിച്ച സ്ഥലങ്ങള്‍ കളക്ടര്‍ സന്ദര്‍ശിച്ചു
Also Read » കാസർകോട് ജില്ലയിൽ ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ട പ്രദേശങ്ങള്‍ വിദഗ്ധ സംഘം സന്ദര്‍ശിച്ചു
English Summary : It S A Time Of Relief For Chellanam Despite Heavy Rains Areas Where The Tetrapod Has Been Placed Are Safe in Kerala