വെബ് ഡെസ്ക്ക് | | 2 minutes Read
ബെംഗളൂരു: ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ തേർത്തല്ലിക്കാരൻ സിജോ സെബാസ്റ്റ്യൻ പന്തുകളത്തിൽ നടത്തിയ പോരാട്ടങ്ങളുടെ കഥയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മകനെച്ചേർത്ത സ്വകാര്യ സ്കൂളിലെ അനധികൃതഫീസിനെതിരെ സിജോ നടത്തുന്ന ഒറ്റയാൾ പോരാട്ടമാണ് അദ്ദേഹത്തെ വാർത്താതാരമാക്കുന്നത്.
2013-ലാണ് ബെംഗളൂരുവിലെ സ്വകാര്യ സ്കൂളിൽ മകനെ യു.കെ.ജി.യിൽ ചേർത്തത്. പിന്നീടുള്ള ഓരോവർഷവും സ്കൂൾ നിയമവിരുദ്ധമായാണ് ഫീസ് ഈടാക്കുന്നതെന്ന് മനസ്സിലായി.
2019-ൽ മകൻ അഞ്ചാംക്ലാസിലെത്തിയപ്പോൾ ഒറ്റയടിക്ക് 25 ശതമാനം ഫീസ് വർധിപ്പിച്ചു. പ്രതിഷേധമുണ്ടെങ്കിലും ഫീസ് അടയ്ക്കുമെന്നും എന്നാൽ, അനധികൃതമായി വാങ്ങിയ ഫീസ് തിരികെവാങ്ങാനുള്ള നിയമപോരാട്ടം ആരംഭിക്കുമെന്നും സിജോ പ്രിൻസിപ്പലിനെ അറിയിച്ചു.
ആദ്യം സ്കൂൾതലത്തിൽ സംസാരിച്ചുനോക്കുമെന്നും നടന്നില്ലെങ്കിൽ വിദ്യാഭ്യാസ വകുപ്പിനെ സമീപിക്കുമെന്നും ഇവിടെയും പരിഹാരം കിട്ടിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നുമായിരുന്നു സിജോ അറിയിച്ചത്.
എന്നാൽ, ഇവിടെ ഇങ്ങനെയൊക്കയാണ്, നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്തോളാനായിരുന്നു മറുപടി. ഇതിനിടെ മകനെ സ്കൂളിൽനിന്ന് പുറത്താക്കിയിരുന്നു.
ഇതോടെ സിജോ രണ്ടും കൽപ്പിച്ച് കേസ് കൊടുത്തു, ഒന്നല്ല ഒമ്പതെണ്ണം. കർണാടക ഹൈക്കോടതിയിൽ കേസ് വാദിക്കുന്നത് സോഫ്റ്റ്‌വേർ എൻജിനിയറായ സിജോ സ്വന്തമായാണ്.
ഒരു കേസിൽ അനുകൂലവിധി വന്നുകഴിഞ്ഞു. മറ്റൊരു കേസിൽ ശനിയാഴ്ച വിധി പ്രതീക്ഷിക്കുന്നു. സ്വകാര്യ സ്കൂളുകളുടെ അനധികൃത ഫീസിനെതിരേയുള്ള ഒറ്റയാൾ പോരാട്ടം തുടരുകയാണ് കണ്ണൂർ തേർത്തല്ലി സ്വദേശി സിജോ സെബാസ്റ്റ്യൻ.
സ്കൂളിനെതിരേയുള്ള കേസിന് പുറമേ വിവരാവകാശരേഖകൾ ലഭ്യമാക്കാത്തതിന് കർണാടക ഇൻഫർമേഷൻ കമ്മിഷനെതിരേയും സർക്കാർ ഉദ്യോഗസ്ഥർക്കെതിരേയുമൊക്കെയാണ് കേസുകൾ. ഇതിൽ ഒരു കേസിൽ 2022 ജൂലായ് 26-ന് അനുകൂലവിധി വന്നു.
ബ്ലോക്ക് എജുക്കേഷൻ ഓഫീസിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ 10,000 രൂപ നഷ്ടപരിഹാരം നൽകുകയും 25,000 രൂപ പിഴയടയ്ക്കണമെന്നുമായിരുന്നു വിധി. ഒരു മാസത്തിനുള്ളിൽ പിഴ അടച്ചില്ലെങ്കിൽ രണ്ട് ശതമാനം പലിശ നൽകണമെന്നും വിധിയിൽ പറഞ്ഞിരുന്നു.
ഷങ്കർ ചിത്രങ്ങളിലെ അനീതിക്കെതിരെ പോരാടുന്ന സാധാരണക്കാരൻ നായകന്റെ യഥാർത്ഥ പതിപ്പായ സിജോ ‘വോയ്‌സ് ഓഫ് പാരന്റ്‌സ് കർണാടക’ സംഘടനയുടെ ജോയന്റ് സെക്രട്ടറികൂടിയാണ് .
ബെംഗളൂരുവിൽ സോഫ്റ്റ്‌വേർ എൻജിനിയറായ അമൃത് ജോൺ ആണ് ഭാര്യ. ഒമ്പതാംക്ലാസ് വിദ്യാർഥി ജോ മാത്യു, മൂന്നാംക്ലാസ് വിദ്യാർഥി മിലൻ മാത്യു എന്നിവരാണ് മക്കൾ. വൈറ്റ്ഫീൽഡിലാണ് താമസം.
Also Read » കേരള സമാജം കന്റോൺമെന്റ് സോണിൻ്റെ സംഗീത പഠനക്ലാസിന് തുടക്കമായി
English Summary : Cijo Sebastian Bangalore Voice Of Parents Of Karnataka in Metro News