വെബ് ഡെസ്ക്ക് | | 1 minute Read
ചെന്നൈ : പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമിച്ച വിനായകപ്രതിമകൾ വിൽക്കുന്നതും നിമജ്ജനംചെയ്യുന്നതും നിരോധിച്ച് ഹൈക്കോടതി മധുര ബെഞ്ച്
പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമിച്ച വിനായകപ്രതിമകൾ വിൽക്കുന്നത് അനുവദിച്ചുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.
ശനിയാഴ്ച പ്രത്യേക സിറ്റിങ്ങിലൂടെ സിംഗിൾ ബെഞ്ച് ജഡ്ജി പുറപ്പെടുവിച്ച ഉത്തരവ് ഞായറാഴ്ചത്തെ പ്രത്യേക സിറ്റിങ്ങിലൂടെ ഡിവിഷൻ ബെഞ്ച് തടയുകയായിരുന്നു.
ഇതനുസരിച്ച് പ്ലാസ്റ്റർ ഓഫ് പാരീസ് വിനായകപ്രതിമകൾ വിൽക്കുന്നതും അത് നിമജ്ജനംചെയ്യുന്നതും നിയമവിരുദ്ധമാണ്.
പ്ലാസ്റ്റർ ഓഫ് പാരീസ് പ്രതിമകൾ വെള്ളത്തിൽ നിമജ്ജനം ചെയ്യുന്നത് വിലക്കാമെങ്കിലും അതിന്റെ വിൽപ്പന തടയാനാവില്ല എന്നായിരുന്നു ഹൈക്കോടതി മധുര ബെഞ്ചിലെ ജസ്റ്റിസ് ജി.ആർ. സ്വാമിനാഥന്റെ ഉത്തരവ്.
പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമിച്ച പ്രതിമകൾ വിൽക്കാൻ ശില്പികൾക്ക് അനുമതി നൽകിയ കോടതി അങ്ങനെ വിൽക്കുന്നതിന്റെ കണക്കുസൂക്ഷിച്ചാൽ മതിയെന്നും പറഞ്ഞിരുന്നു. രാജസ്ഥാൻ സ്വദേശിയായ പ്രകാശിന്റെ ഹർജി അനുവദിച്ചായിരുന്നു ഉത്തരവ്. ഇതിനെതിരേ സംസ്ഥാനസർക്കാരാണ് അപ്പീൽ നൽകിയത്.
വിനായകപ്രതിമകൾ വാങ്ങുന്നത് പൂജയ്ക്കുശേഷം വെള്ളത്തിൽ നിമജ്ജനം ചെയ്യാനാണ് എന്നതുകൊണ്ട് വിൽക്കാം, നിമജ്ജനം പാടില്ല എന്നു പറയുന്നതിൽ കാര്യമില്ലെന്ന് ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ട് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാണിച്ചു. ജസ്റ്റിസ് എസ്.എസ്. സുന്ദറും ജസ്റ്റിസ് ഭരത ചക്രവർത്തിയുമാണ് ഡിവിഷൻ ബെഞ്ച് അംഗങ്ങൾ.
Also Read » ഉദ്ഘാടനത്തിനൊരുങ്ങി 2,000 കോടി ചിലവിൽ നിർമിച്ച ഓംകാരേശ്വരിലെ ആദിശങ്കരാചാര്യ പ്രതിമ
Also Read » എം.എ യൂസഫ് അലിക്ക് ഇന്‍ഡോ പോളിഷ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ആദരവ്
English Summary : Vinayaka Statue In Plaster Of Paris in Metro News