വെബ് ഡെസ്ക്ക് | | 2 minutes Read
ചെന്നൈ : ചെന്നൈയിൽ പബ്ബിലെത്തിയ സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തി കൊണ്ടുള്ള മാധ്യമ റിപ്പോർട്ടിങ്ങിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിവാദത്തിനാസ്പദമായ സംഭവം നടന്നത്.
അനുവദനീയമായ സമയത്തിനപ്പുറം പ്രവർത്തിച്ചുവെന്നാരോപിച്ച് ചെന്നൈയിലെ പ്രശസ്തമായ ഒരു പബ് ഞായറാഴ്ച രാത്രി പോലീസ് റെയ്ഡ് ചെയ്തു. തന്തി ടിവി, പോളിമർ ന്യൂസ് എന്നിവയുൾപ്പെടെ നിരവധി വാർത്താ ചാനലുകളിൽ 'റെയ്ഡിന്റെ' വാർത്തകളും വീഡിയോകൾ വന്നിരുന്നു.
എന്നാൽ ഒരു വിഭാഗം മാധ്യമങ്ങളുടെ സഹായത്തോടെ പബ് മാനേജ്‌മെന്റുമായി വിവപേശാൻ ആഗ്രഹിച്ച ചിലരാണ് പോലീസ് നടപടിക്ക് പ്രേരിപ്പിച്ചതെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഞായറാഴ്ച രാത്രി വൈകി മദ്യലഹരിയിലായിരുന്ന ഏതാനും പേർ പബ്ബിൽ എത്തിയതായി പോലീസ് പറയുന്നു. എന്നാൽ പബ് മാനേജ്‌മെന്റ് അവരുടെ ഓർഡറുകൾ സ്വീകരിക്കാൻ വിസമ്മതിച്ചു . രാത്രി 11:30 വരെയാണ് നഗരത്തിലെ പബുകളുടെ കട്ട് ഓഫ് സമയം.
എന്നാൽ പബ്ബിൽ മറ്റ് അതിഥികളുടെ സാന്നിധ്യത്തെ സംഘം ചോദ്യം ചെയ്തതായാണ് റിപ്പോർട്ട്. എന്നാൽ ആ ആളുകൾ അവരുടെ ക്യാബുകൾക്കായി കാത്തിരിക്കുകയാണെന്നും ചിലർ രാത്രി 11:30 ന് മുമ്പ് ഓർഡർ ചെയ്തവരാണെന്നും പബ് ജീവനക്കാർ അറിയിച്ചു.
അതോടെ ഗ്രൂപ്പും പബ് സ്റ്റാഫും തമ്മിൽ വാഗ്വാദം ആരംഭിച്ചു, ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് സംഘം ഭീഷണിപ്പെടുത്തി. മദ്യലഹരിയിലായിരുന്ന സംഘത്തിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഏതാനും പ്രാദേശിക ടിവി ചാനൽ ജീവനക്കാർ സ്ഥലത്തെത്തിയതോടെ പബ് മാനേജ്‌മെന്റ് സംരക്ഷണം ആവശ്യപ്പെട്ട് പോലീസിനെ വിളിച്ചതായി വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, അനുവദനീയമായ സമയത്തിനപ്പുറം പബ് പ്രവർത്തിച്ചിരുന്നതായി മാധ്യമപ്രവർത്തകരും പോലീസിനോട് പറഞ്ഞു. പബ്ബിലെ സ്ത്രീ അതിഥികളെ നിർബന്ധിച്ച് ചിത്രീകരിക്കാൻ ശ്രമിച്ചതായും അവരുടെ വസ്ത്രധാരണത്തെക്കുറിച്ച് സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയതായും മാധ്യമ പ്രവർത്തകർക്ക് നേരെ വിമർശനം ഉയരുന്നുണ്ട്
വിഷ്വലുകളിൽ, ചില സ്ത്രീകൾ പബ്ബിൽ നിന്ന് പുറത്തേക്ക് ഓടുന്നത്, കർച്ചീഫും ഹെൽമറ്റും കൊണ്ട് മുഖം മറയ്ക്കുന്നത് കാണാം.
Also Read » മേയോയിൽ 100 വർഷം പഴക്കമുള്ള കെട്ടിടം തകർന്നു വീണ് അഞ്ച് പേർക്ക് പരിക്ക്
Also Read » ചെന്നൈയിൽ ഇടിയോടും മിന്നലോടും കൂടി മഴ ; സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു
English Summary : Women In Chennai Pub Chased Shamed And Moral Policed By News Channels in Metro News