വെബ് ഡെസ്ക്ക് | | 1 minute Read
ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്ത്. തുരങ്കത്തിനുള്ളിലുള്ള തൊഴിലാളികളുടെ എണ്ണമെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
തൊഴിലാളികളെ എണ്ണാനും തുരങ്കത്തിന്റെ ഉള്‍വശം മനസ്സിലാക്കാനും ഒരു ക്യാമറ ഘടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 10 ദിവസമായി തുടരുന്ന രക്ഷാപ്രവര്‍ത്തനത്തിന് ഊര്‍ജ്ജമേകുന്നതാണ് ഈ ദൃശ്യങ്ങള്‍. നേരത്തെ തൊഴിലാളികള്‍ക്ക് പ്ലാസ്റ്റിക് കുപ്പികളില്‍ ഭക്ഷണം എത്തിച്ചിരുന്നു.
അവര്‍ക്കായി ഒരു പ്രത്യേക ഡയറ്റ് പ്ലാന്‍ രൂപപ്പെടുത്തുന്നതിന് മെഡിക്കല്‍ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമായിരുന്നു ഭക്ഷണം എത്തിച്ചത്.
തൊഴിലാളികളെ ആരോഗ്യത്തോടെ താങ്ങിനിര്‍ത്താനാണ് ഖിച്ഡിയും ഓറഞ്ച്, വാഴപ്പഴം, ആപ്പിള്‍ എന്നിവ അടക്കം പൈപ്പിലൂടെ വിതരണം ചെയ്തത്. കിച്ചഡി പ്ലാസ്റ്റിക് കുപ്പികളിലാക്കി പൈപ്പിലൂടെ ഇറക്കി. ആശയവിനിമയം നിലനിര്‍ത്താന്‍ ചാര്‍ജര്‍ ഘടിപ്പിച്ച ഫോണ്‍ അയക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ വെര്‍ട്ടിക്കല്‍ ഡ്രില്ലിംഗ് ആരംഭിക്കാനാണ് രക്ഷാപ്രവർത്തകരുടെ നീക്കം. നേരത്തെ അവശിഷ്ടങ്ങളും തുരങ്കത്തിന്റെ കവാടവും തമ്മിലുള്ള വിടവിന്റെ വ്യാപ്തി പഠിക്കാന്‍ ഡ്രോണ്‍ സര്‍വേ നടത്താന്‍ രണ്ടുതവണ ശ്രമിച്ചിരുന്നു. എന്നാല്‍ അവശിഷ്ടങ്ങള്‍ക്ക് മുകളിലൂടെ 28 മീറ്ററിനപ്പുറത്തേക്ക് പോകാന്‍ ഡ്രോണിന് കഴിഞ്ഞില്ല.
ഇതിനിടെ ഒരു ഡ്രോണ്‍ കേടായി. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) വിന്യസിച്ച റോബോട്ട് ഡ്രോണിന് അവശിഷ്ടങ്ങള്‍ കാരണം തുരങ്കത്തിന്റെ ചരിവില്‍ കയറാന്‍ കഴിഞ്ഞില്ല.
രക്ഷാപ്രവര്‍ത്തനം പത്താം ദിവസത്തിലേക്ക് കടന്നതോടെ ഇനി ഒട്ടും വൈകരുതെന്ന നിലപാടിലാണ് അധികൃതര്‍.
Also Read » ഉത്തരകാശി തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ രക്ഷപ്പെടുത്തി
Also Read » ആനക്കാംപൊയിൽ-മേപ്പാടി തുരങ്ക പാതയുടെ മാതൃകയൊരുക്കി തിരുവമ്പാടി മണ്ഡലം നവകേരള സദസ്സ്
English Summary : Uttarkashi Silkyara Tunnel Collapse First Visuals Of Workers in National