| 1 minute Read
കൊല്ലം : ബോക്‌സിംഗ് റിംഗില്‍ ഇടിമുഴക്കമായി കൊല്ലത്ത് നിന്ന് ഒരു കായിക വിസ്മയം കൂടി. ഇരവിപുരം സ്വദേശിയായ പത്താം ക്ലാസുകാരി ലെന നോര്‍ബെര്‍ട്ടാണ് മെയ് മാസം ഫ്രാന്‍സില്‍ നടക്കുന്ന സ്‌കൂള്‍തല ലോക ജിംനസെഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ഭുവനേശ്വറില്‍ നടന്ന ക്വാളിഫയിംഗ് മത്സരങ്ങളിലെ മിന്നല്‍ പ്രകടനമാണ് കൊല്ലം സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ മിടുക്കി താരത്തെ രാജ്യാന്തര തലത്തിലേക്ക് ഉയര്‍ത്തിയത്.
75 കിലോ വിഭാഗത്തില്‍ സ്ഥിരതയുള്ള മികച്ച പ്രകടനം കാഴ്ചവച്ചാണ് മുന്നേറ്റം. കേരളത്തില്‍ നിന്ന് ബോക്‌സിംഗില്‍ ഇന്ത്യന്‍ ടീമിലേക്ക് ഉയര്‍ന്ന ഏക കായിക പ്രതിഭയാണ് ലെന. മുമ്പ് രണ്ട് തവണ സംസ്ഥാന ചാമ്പ്യനായിട്ടുണ്ട്.
ബോക്‌സിംഗ് കോച്ച് ബിജുലാലിന്റെ ശിക്ഷണത്തിലാണ് ലെന ഉയരങ്ങള്‍ കീഴടക്കുന്നത്. ഇരവിപുരം പുത്തന്‍ വീട്ടില്‍ നോര്‍ബര്‍ട്ട് ആന്റണി-ജിജി നോര്‍ബര്‍ട്ട് ദമ്പതികളുടെ ഇളയമകളാണ്. സഹോദരന്‍ ജോയല്‍ നോര്‍ബര്‍ട്ട് ട്രിച്ചിയില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി. ശ്രീ നാരായണ ട്രസ്റ്റ് സ്‌കൂളിലെ പത്താം ക്ലാസുകരിയാണ് ലെന.
ലോകനിലവാരത്തിലേക്ക് ഉയര്‍ന്ന പ്രകടനം കാഴ്ചവച്ച ലെനയെ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ നടന്ന ചടങ്ങില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എക്‌സ്. ഏണസ്റ്റ് പൊന്നാട അണിയിച്ചു. കൗണ്‍സില്‍ ഭാരവാഹികളും പങ്കെടുത്തു.
Also Read » കൊല്ലത്ത് പൂർത്തിയാക്കിയ ശ്രീനാരായണഗുരു സാംസ്കാരികസമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു.
Also Read » ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത '2018' OTT റിലീസിന് ; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു
English Summary : Another Sporting Surprise From Kollam As Thunder In The Boxing Ring in Sports