| 1 minute Read
വംശീയാധിക്ഷേപത്തിന് ഇരയായ വിനീഷ്യസ് ജൂനിയറിനെതിരെയുള്ള റെഡ് കാർഡ് പിൻവലിച്ച് ലാലീഗ കോമ്പറ്റീഷൻ കമ്മിറ്റി . രണ്ട് മത്സരങ്ങളിൽ നിന്നുള്ള വിലക്ക് ഇതോടെ ഒഴിവാകും.
ഇതോടെ ഇന്ന് നടക്കാനിരിക്കുന്ന റയ്യോ വയ്യെക്കാനോക്കെതിരായ മത്സരത്തിനുള്ള സ്ക്വാഡിൽ റയൽ മാഡ്രിഡ് വിനീഷ്യസിനെ ഉൾപ്പെടുത്തി .
ഗുരുതരവും അസാധാരണമായ സാഹചര്യം എന്ന് വിലയിരുത്തിയാണ് കോമ്പിറ്റീഷൻ കമ്മിറ്റിയുടെ തീരുമാനം. ആക്രമിക്കപ്പെട്ടയാളെ അക്രമിയാക്കി മാറ്റുന്നു എന്ന അസാധരണ സാഹചര്യം വിലയിരുത്തിയാണ് വിനീഷ്യസിനെതിരായ റെഡ് കാർഡ് ലാലീഗ കോമ്പറ്റീഷൻ കമ്മിറ്റി പിൻവലിക്കുന്നത്.
അതേസമയം വിനീഷ്യസിനെതിരെ വംശീയാധിക്ഷേപം നടന്ന മെസ്റ്റെയ്യ സ്റ്റേഡിയം ഭാഗീകമായി അടച്ചിടും. അടുത്ത 5 മത്സരങ്ങളിൽ മരിയോ കെംപസ് സ്റ്റാൻഡിൽ കാണികളെ പ്രവേശിപ്പിക്കുന്നതിൽ ലാലീഗ വിലക്ക് ഏർപ്പെടുത്തി. സംഭവത്തിൽ വലെൻസിയക്ക് 45000 യൂറോ പിഴ ശിക്ഷ നൽകി.
അതോടൊപ്പം വംശീയത വച്ചുപൊറുപ്പിക്കില്ലെന്ന് രാജ്യാന്തര ഫുട്‌ബോൾ സംഘടനയായ ഫിഫയുടെ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പറഞ്ഞു. ‘വിനീഷ്യസിന് എല്ലാവിധ പിന്തുണയും നൽകും. ക്രൂരമായ കാര്യങ്ങളാണ് നടന്നത്. ഫിഫയുടെ ചട്ടപ്രകാരം കളി നിർത്തിവയ്‌ക്കേണ്ടതായിരുന്നു’–-ഇൻഫാന്റിനോ പറഞ്ഞു. സ്‌പെയ്‌ൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസും സംഭവത്തെ അപലപിച്ചു.
വിഷയത്തിൽ സമഗ്രാന്വേഷണം നടത്തണമെന്നും കർശന നടപടി സ്വീകരിക്കണമെന്നും സ്‌പാനിഷ് സർക്കാരിനോട് ബ്രസീൽ ആവശ്യപ്പെട്ടു. നേരത്തേ ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ വിനീഷ്യസിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
Also Read » മുഖ്യമന്ത്രിപദത്തിനായി ചരട് വലിച്ച് ഡി.കെ ; അന്തിമ തീരുമാനം ഹൈക്കമാൻഡിൻ്റേത്
English Summary : Laliga Competition Committee Withdraws Red Card Against Vinicius Jr in Sports