main

‘ജനക്ഷേമ-ബഹുസ്വരദേശീയത കൊണ്ടേ കോൺഗ്രസിന് പഴയ ‘മഴവിൽക്കുട’ ഇന്ത്യ മുഴുവൻ നിവർത്തിപ്പിടിക്കാൻ കഴിയൂ

സുധ മേനോൻ

കർണ്ണാടകയിൽ കോൺഗ്രസ്സിന്റെ ഗംഭീര വിജയത്തിന് ഇടയാക്കിയ രാഷ്ട്രീയ സാമൂഹ്യഘടകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും, പാൻ-ഇന്ത്യൻ പ്രസക്തിയുള്ളതുമായ ഒരു വസ്തുത, ഈ തിരഞ്ഞെടുപ്പിൽ ഗ്രാമീണരും, ദരിദ്രരും, കർഷകരും, പ്രാന്തവൽക്കരിക്കപ്പെട്ട വിഭാഗങ്ങളും ആവേശത്തോടെ കോൺഗ്രസ്സിന് വോട്ട് ചെയ്തു എന്നുള്ളതാണ്.

8971-1684604688-images-4

കോൺഗ്രസ്സിന് കിട്ടിയ മൊത്തം വോട്ടിന്റെ 67.3%വും, വിജയിച്ച 135 സീറ്റുകളിൽ 97 എണ്ണവും ഗ്രാമീണമേഖലയിൽ നിന്നാണ്. ഇതിൽ തന്നെ ഏകദേശം 74 സീറ്റുകളിൽ ഭൂരിപക്ഷം പതിനായിരത്തിന് മുകളിൽ ആണ്. നഗരമേഖലകളിൽ മാത്രമാണ് ബിജെപിയും കോൺഗ്രസ്സും തമ്മിലുള്ള വോട്ട് ഷെയർ വ്യത്യാസം താരതമ്യേന കുറഞ്ഞത്. 36 പട്ടികജാതി മണ്ഡലങ്ങളിൽ 21 എണ്ണത്തിലും, 15 പട്ടികവർഗസംവരണമണ്ഡലങ്ങളിൽ 14 എണ്ണത്തിലും കോണ്ഗ്രസ്സ് വിജയിച്ചു.

ഗ്രാമീണമേഖലയിലെ ഈ കോണ്ഗ്രസ്സ് തരംഗം, തിരഞ്ഞെടുപ്പിന് കുറച്ച് ദിവസം മുൻപ്തന്നെ കർണ്ണാടകയിലെ ‘ഈദിന’ ചാനൽ കൃത്യമായി പ്രവചിച്ചിരുന്നു. മറ്റ് ചാനലുകളിൽ നിന്ന് വ്യത്യസ്തമായി, ‘ഈദിനം’, വോട്ടുതാല്പര്യങ്ങളെ നിർണ്ണയിക്കുന്ന ഘടകങ്ങളിൽ വോട്ടർമാരുടെ സാമ്പത്തികസ്ഥിതിയും കൂടി ഉൾപ്പെടുത്തിയിരുന്നു. അതനുസരിച്ച്, കർണ്ണാടകയിലെ ഏറ്റവും ദരിദ്രരായ 48% വോട്ടർമാർ കോൺഗ്രസ്സിനു വോട്ട് ചെയ്യാൻ താല്പര്യപ്പെട്ടപ്പോൾ, അവരിൽ വെറും 28% മാത്രമാണ് ബിജെപിയിൽ താല്പര്യം കാണിച്ചത്.നേരെമറിച്ച്,ഉപരിവർഗവോട്ടർമാരിൽ 41% വും ബിജെപിക്ക് വോട്ട് ചെയുമെന്ന് അടയാളപ്പെടുത്തി. അതുപോലെ, കർഷകതൊഴിലാളികൾക്കും, കൂലിപ്പണിക്കാർക്കും ഇടയിൽ കോണ്ഗ്രസ്സ് ആഭിമുഖ്യം അൻപത് ശതമാനമായിരുന്നു. ഈ നിഗമനം കൃത്യമായിരുന്നു എന്നതിന്റെ സാക്ഷ്യപത്രമാണ് തിരഞ്ഞെടുപ്പ് ഫലം.

ചുരുക്കിപ്പറഞ്ഞാൽ, കർഷകരും, തൊഴിലാളികളും, ദളിതുകളും, ആദിവാസികളും അടങ്ങുന്ന അടിസ്ഥാനവർഗ്ഗമാണ് കർണ്ണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ മഹാവിജയത്തിന് കളമൊരുക്കിയത്. രൂക്ഷമായ വിലക്കയറ്റവും, തൊഴിലില്ലായ്മയും, കാർഷികരംഗത്തെ പ്രതിസന്ധിയും, ജനകീയവിഷയങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയും സമ്മതിദായകരെ സ്വാധീനിച്ചു എന്ന് അനുമാനിക്കാവുന്ന വിധത്തിൽ ശക്തമായിരുന്നു ഗ്രാമീണകർണ്ണാടകയിലെ വോട്ടിങ് സ്വഭാവം. അതോടൊപ്പം വർഗീയവിദ്വേഷത്തിന്റെയും അപരവൽക്കരണത്തിന്റെയും രാഷ്ട്രീയം ജാതിമതഭേദമന്യേ മനുഷ്യർക്ക് മടുത്തു തുടങ്ങി എന്നതിന്റെ ലക്ഷണവും.


🔔 Follow Us
YouTube
   
Read FlashNewsOnline on Google News


ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ആതുകൊണ്ടുതന്നെ, കോൺഗ്രസിന്റെ ഭാവിയിലേക്കുള്ള ദിശാസൂചികയാണ് കർണാടക. ഒരു കാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ശക്തിയും സൌന്ദര്യവുമായിരുന്ന, എല്ലാവരെയും ഉൾക്കൊള്ളുന്ന ‘മഴവിൽ ’(Rainbow Party) സ്വഭാവത്തിലേക്ക് കർണ്ണാടകയിലെ കോൺഗ്രസ്സ് പാർട്ടി ഇക്കുറി പരിവർത്തനം ചെയ്യപ്പെട്ടു. ഇതേരീതിയിൽ, ഇന്ത്യയിലാകമാനം വേരുകൾ ഉള്ള ലക്ഷണമൊത്ത ഒരു ‘മഴവില്ല്’ പാർട്ടിയായി വീണ്ടും രൂപാന്തരം പ്രാപിച്ചാൽ മാത്രമേ അധികാരത്തിൽ തിരികെ എത്താൻ കഴിയൂ എന്ന വലിയ പാഠം കർണ്ണാടകയിൽ നിന്ന് പഠിക്കേണ്ടതുണ്ട്.

എണ്പതുകളുടെ അവസാനം വരെ, എല്ലാ വിഭാഗങ്ങളേയും ഉൾക്കൊണ്ടിരുന്ന ഒരു മഴവിൽപാർട്ടി ആയിരുന്നു കോൺഗ്രസ്സ്. പക്ഷേ, ‘മണ്ഡൽ-മസ്ജിദ്-മാർക്കറ്റ്’ എന്നീ മൂന്ന് ഘടകങ്ങൾ കോൺഗ്രസ്സിന്റെ പരമ്പരാഗത അടിത്തറ ഇളക്കിമറിച്ചതോടെ ഈ സ്ഥാനം കോൺഗ്രസിന് നഷ്ടപ്പെട്ടു. ‘മണ്ഡല്‍- മസ്ജിദ്’ പ്രശ്നങ്ങള്‍ പരമ്പരാഗതവോട്ടര്‍മാരായ മുസ്ലിം- ഒബിസി വിഭാഗങ്ങളെ പാര്‍ട്ടിയിൽ നിന്നും അകറ്റി. അതോടൊപ്പം ഒരു വലിയ വിഭാഗം ഹിന്ദു വോട്ടർമാർ ബിജെപിയിലെക്ക് വഴുതിമാറി.ജാതിസ്വത്വബോധത്തില്‍ അധിഷ്ഠിതമായ പുതിയ പാര്‍ട്ടികൾ ഹിന്ദിമേഖലയിൽ വളര്‍ന്നതോടെ കോണ്‍ഗ്രസ് തിരികെവരാൻ കഴിയാത്ത വണ്ണം ദുര്‍ബലമായി.

തൊണ്ണൂറുകളുടെ തുടക്കത്തിൽ, ഉദാരവല്‍ക്കരണവും, ആഗോളവല്‍ക്കരണവും, കോണ്‍ഗ്രസ്നയങ്ങളുടെ ഭാഗമായി. അതോടെ പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടുബാങ്കുകൾ ആയിരുന്ന ദളിത്‌- ആദിവാസി-പിന്നോക്ക-ദുര്‍ബലവിഭാഗങ്ങൾ കോണ്‍ഗ്രസ്സിൽ നിന്നും അകന്നു. അതേസമയം സാമ്പത്തികഉദാരവൽക്കരണത്തിന്റെ ഗുണഫലങ്ങൾ ഏറ്റവും കൂടുതൽ അനുഭവിച്ചുകൊണ്ട് ഉയർന്നുവന്ന പുതിയ വരേണ്യ-നഗര-ഉപരിവർഗം ഒരിക്കലും കോൺഗ്രസ്സിനെ അവരുടെ താല്പര്യങ്ങൾ പ്രതിഫലിപ്പിക്കുന്ന പാർട്ടി ആയി കണ്ടില്ല എന്നതാണ് തമാശ. ബിജെപി ഈ പുത്തൻ മദ്ധ്യവർഗത്തെയും ഭൂരിപക്ഷവംശീയതയേയും പ്രീണിപ്പിക്കുന്ന ‘നരേറ്റീവ്’ മുന്നോട്ട് വെച്ചപ്പോൾ കോൺഗ്രസിന് താളം പിഴച്ചു.

2004ൽ കോൺഗ്രസ് വിജയിച്ചത്, ഗ്രാമീണഇന്ത്യ ബിജെപിയുടെ ‘തിളങ്ങുന്ന നഗരഇന്ത്യ’ യെ തള്ളിക്കളഞ്ഞതുകൊണ്ടാണ്. ഉദാരവല്‍ക്കരണം സമൂഹത്തില്‍ ഉണ്ടാക്കിയ സാമ്പത്തികഅസമത്വത്തെ ഒരു പരിധിവരെ നിര്‍വീര്യമാക്കാൻ ഒന്നാം യുപിഎയുടെ സമഗ്രമായ പൊതുനയപരിപാടികള്‍ സഹായിച്ചു. അതുകൊണ്ടാണ് 2009ലെ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് അധികാരത്തിൽ വന്നത്. ആഗോള സാമ്പത്തികമാന്ദ്യവും, അഴിമതി ആരോപണങ്ങളും ഉണ്ടാക്കിയ പ്രതിസന്ധിയിൽ, രണ്ടാം യുപിഎക്ക് ജനക്ഷേമനയങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാൻ കഴിയാതെ വന്നു. സ്വാഭാവികമായും ഹിന്ദുത്വവും വികസനവും ഒരുപോലെ മുന്നോട്ട് വെച്ച ബിജെപിയുടെ മുന്നിൽ കോൺഗ്രസ് അടിയറവ് പറയുകയും ചെയ്തു.

അതുകൊണ്ടുതന്നെ കർണാടക ഒരു തിരിച്ചറിവാണ്. അടിസ്ഥാനവർഗമാണ് പാർട്ടിയുടെ നട്ടെല്ല് എന്ന തിരിച്ചറിവ്. സാധാരണജനങ്ങളുടെ സാമൂഹ്യവും, സാമ്പത്തികവുമായ അടിസ്ഥാനഅവകാശങ്ങളില്‍(Right-based approach) ഊന്നിയുള്ള ഒരു പുതിയ മധ്യവര്‍ത്തിപ്രത്യയശാസ്ത്രമാതൃക-സോഷ്യൽ ഡെമോക്രാറ്റിക്‌ മാതൃക- വളരെ കൃത്യമായും, ലളിതമായും, മനോഹരമായും പൊതുസമൂഹത്തില്‍ എത്തിക്കുക എന്ന ചരിത്രപരമായ ദൗത്യം ആണ് കോണ്ഗ്രസ്സ് ഇനി നിർവഹിക്കേണ്ടത് എന്ന തിരിച്ചറിവ്. സർവതലസ്പർശിയായ ഈയൊരു ‘ജനക്ഷേമ-ബഹുസ്വരദേശീയതയെ’, ബിജെപിയുടെ സാംസ്കാരികദേശീയതക്കും ഭൂരിപക്ഷവംശീയതക്കും എതിരായുള്ള ശക്തമായ ബദലായി അവതരിപ്പിക്കാൻ കോൺഗ്രസിന് കഴിയണം. അതിലൂടെ മാത്രമേ കോൺഗ്രസിന് പഴയ ‘മഴവിൽക്കുട’ ഇന്ത്യ മുഴുവൻ നിവർത്തിപ്പിടിക്കാൻ കഴിയൂ.

കർണ്ണാടക നല്ലൊരു തുടക്കമാകട്ടെ. പുതിയ മുഖ്യമന്ത്രിക്കും,ഉപമുഖ്യമന്ത്രിക്കും ഹൃദയം നിറഞ്ഞ ആശംസകൾ 💙


Also Read » കുടുംബത്തോടൊപ്പം സന്തോഷം പങ്കിടാൻ ഇനി ചിലവില്ല ; ‘ഹാ​പ്പി​ന​സ്​’ സിം ​കാ​ർ​ഡ്​ അവതരിപ്പിച്ച് യു.​എ.​ഇ തൊ​ഴി​ൽ മ​ന്ത്രാ​ല​യം


Also Read » ‘'സോമന്റെ കൃതാവ്’'ഒഫീഷ്യൽ പോസ്റ്റർ റിലീസായി.


RELATED

English Summary : Article Sudha Menon Congress in Story

Latest

Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.78 MB / ⏱️ 0.0016 seconds.