| 4 minutes Read
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: " കർണാടക സ്റ്റോറി’ ദേശീയ രാഷ്ട്രീയ ചിത്രം മാറ്റിയെഴുതി. നരേന്ദ്ര മോദിയും ബിജെപിയും സംഘപരിവാറിന്റെ ഭൂരിപക്ഷ ധ്രുവീകരണ രാഷ്ട്രീയവും അജയ്യമാണെന്ന പ്രചാരണം പാടേ പൊളിഞ്ഞു. ഭാരത് ജോഡോ യാത്രയിലൂടെ പ്രതിച്ഛായ മാറ്റിയ രാഹുൽ ഗാന്ധിയും കോണ്‍ഗ്രസും തിരിച്ചുവരവിന്റെ ആദ്യപടിയായാണു കർണാടകയിൽ ജയിച്ചു കയറിയത്.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദിയെ പ്രതിരോധിക്കാൻ കോണ്‍ഗ്രസിനും പ്രതിപക്ഷ പാർട്ടികൾക്കും ലഭിച്ച ബൂസ്റ്റർ ഡോസ് ആയി കർണാടകയിലെ മിന്നുന്ന ജയം. മോദിയെയും ബിജെപിയെയും നേരിടാൻ കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും ആത്മവിശ്വാസം നൽകുന്നതായി ഫലം. മോദിപ്രഭയിലും പ്രചാരണ- പണക്കൊഴുപ്പിലും മാത്രം തെരഞ്ഞെടുപ്പു ജയിക്കില്ലെന്ന തിരിച്ചറിവാകും ബിജെപിക്ക് കിട്ടിയത്. യുപി, ഗുജറാത്ത് ഒഴികെ രാജ്യത്തെ പ്രബല സംസ്ഥാനങ്ങളിലൊന്നും വൻ മേധാവിത്വം അവകാശപ്പെടാൻപോലും കഴിയാത്ത നിലയിലേക്കുള്ള മോദിയുടെ വീഴ്ചയ്ക്ക് ആഘാതമേറെയാണ്.
കോണ്‍ഗ്രസിന് ബൂസ്റ്റർ ഡോസ്
ഈ വർഷാവസാനം നടക്കേണ്ട മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലുങ്കാന, മിസോറാം സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും വിജയപ്രതീക്ഷകളെ കർണാടക ഫലം സ്വാധീനിക്കും. രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള പരസ്യപ്പോര് അവസാനിപ്പിച്ചില്ലെങ്കിൽ ഭരണം കൈവിടുമെന്ന ബോധ്യം കോണ്‍ഗ്രസ് ഹൈക്കമാൻഡിനുണ്ട്.
കർണാടകയിൽ മുഖ്യമന്ത്രിസ്ഥാനത്തിനായുള്ള സിദ്ധരാമയ്യ-ഡി.കെ. ശിവകുമാർ പോരിന് പരിഹാരം ഉണ്ടായേക്കുമെങ്കിലും രാജസ്ഥാനിലെ പോര് ഒതുക്കുക എളുപ്പമാകില്ല. മധ്യപ്രദേശിൽ ബിജെപിക്ക് മേൽക്കൈ ഉണ്ടെങ്കിലും കമൽനാഥിന്റെ നേതൃത്വത്തിൽ കോണ്‍ഗ്രസ് പ്രതീക്ഷയോടെ പോരിനിറങ്ങും. ഛത്തീസ്ഗഡിൽ കോണ്‍ഗ്രസ് തിരിച്ചുവരാതിരിക്കാനാകും ബിജെപി ഇനി വിയർപ്പൊഴുക്കുക. പ്രബലമായ മൂന്നു സംസ്ഥാനങ്ങളിൽ ഒന്നിലെങ്കിലും വിജയം ഉറപ്പിച്ചാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ അടുത്ത ബൂസ്റ്റർ ഡോസാകും കോണ്‍ഗ്രസിന്.
2024ലെ പൊതുതെരഞ്ഞെടുപ്പിൽ 400 സീറ്റ് ലക്ഷ്യമിട്ട ബിജെപിക്ക് കേവല ഭൂരിപക്ഷത്തിന് അടുത്തെത്തുകപോലും ഇനി ദുഷ്കരമാകും. സംയുക്ത പ്രതിപക്ഷം ഒരുപരിധി വരെയെങ്കിലും ഒന്നിച്ചാൽ മോദിയും ഷായും വല്ലാതെ വിയർക്കേണ്ടിവരും.
2014ലും 19ലും നേടിയ ചരിത്രവിജയം ഓർമയാകാതെ കാക്കണമെങ്കിൽ ഇനിയുള്ള മാസങ്ങൾ അതീവ നിർണായകമാകും. വാചകമടിയും പ്രചാരണ തന്ത്രങ്ങളും കേന്ദ്ര ഏജൻസികളുടെ ദുരുപയോഗവും കോർപറേറ്റ് കുത്തകളുടെ പിന്തുണയും മാത്രം പോരാ, സാധാരണക്കാരായ വോട്ടർമാർക്കു ഭരണനേട്ടത്തിന്റെ ഗുണഫലങ്ങൾ നേരിട്ടു ലഭ്യമാകുന്നുവെന്നു ഉറപ്പാക്കേണ്ടി വരും.
ഡബിൾ എൻജിൻ പാളംതെറ്റി
നിശ്ചയദാർഢ്യത്തോടെ മോദിക്കെതിരേ പോരിനിറങ്ങിയാൽ ജയം കൂടെയുണ്ടെന്നു പശ്ചിമബംഗാളിൽ മമത ബാനർജിയും ഡൽഹിയിൽ അരവിന്ദ് കേജരിവാളും തെളിയിച്ചതാണ്. ബിജെപി ദേശീയ അധ്യക്ഷന്റെ നാടായ ഹിമാചൽപ്രദേശിൽ കോണ്‍ഗ്രസ് സർക്കാർ അധികാരത്തിലേറിയതും സമീപകാലത്താണ്. ഗുജറാത്തിൽ വീറുറ്റ പോരിനു മെനക്കെടാതിരുന്നതു കോണ്‍ഗ്രസിനു തിരിച്ചടിയുമായിരുന്നു. തമിഴ്നാട്ടിൽ എം.കെ. സ്റ്റാലിനും കേരളത്തിൽ പിണറായി വിജയനും ബിജെപിയായിരുന്നില്ല മുഖ്യഎതിരാളി.
കോണ്‍ഗ്രസ് മുക്ത ഭാരതം, ഡബിൾ എൻജിൻ സർക്കാർ എന്നീ മുദ്രാവാക്യങ്ങളും പാളി. ബിജെപി മുക്ത ദക്ഷിണഭാരതവും ദക്ഷിണേന്ത്യയിൽ ശേഷിച്ച ഏക എൻജിൻകൂടി തകർന്നതുമാണു മിച്ചം. മുഖ്യ പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യുമെന്ന വാദം പോലും ജനാധിപത്യവിരുദ്ധമായി. തങ്ങളെ തുണയ്ക്കാത്ത സംസ്ഥാനങ്ങൾക്കു വികസനമുണ്ടാകില്ലെന്ന സൂചന നൽകുന്ന ഡബിൾ എൻജിൻ മുദ്രാവാക്യവും കന്നട വോട്ടർമാർ പുച്ഛിച്ചു തള്ളി.
2014ലും 2019ലും പട നയിച്ച പടനായകന്റെ വിജയത്തിൽ അർമാദിച്ചതുപോലെ കർണാടകയിലെ മോദിയുടെ പരാജയവും മുഴച്ചുനിൽക്കും. മോദിയെന്നത് എപ്പോഴും വജ്രായുധം ആകില്ലെന്നു ബംഗാളിലും ഡൽഹിയിലും ഹിമാചലിലും അടക്കമുണ്ടായ തിരിച്ചറിവ് മോദി അനുകൂല മാധ്യമങ്ങൾ മൂടിവച്ചാലും ജനം തിരിച്ചറിയും.
ഗ്രാഫ് ഇടിഞ്ഞ് മോദി; ഉയർന്ന് രാഹുൽ
പ്രധാനമന്ത്രി നരേന്ദ്ര മോദി പലതവണ പറന്നിറങ്ങി നടത്തിയ റോഡ് ഷോകളും റാലികളും പോലും വോട്ടർമാരെ സ്വാധീനിച്ചില്ലെന്നതു വലിയ തിരിച്ചടിയായി. സർവം മോദിമയമാക്കിയതുകൊണ്ടും ഭൂരിപക്ഷ വോട്ടുകളുടെ ധ്രുവീകരണം ലക്ഷ്യമിട്ട പ്രചാരണങ്ങൾക്കൊണ്ടും മാത്രം ഇലക്ഷൻ ജയം ഉറപ്പാകില്ല.
രാജ്യത്തെ നടുക്കിയ 60 ലേറെപ്പേരുടെ മരണം സ്ഥിരീകരിച്ച മണിപ്പുർ കലാപത്തെക്കുറിച്ചു പോലും മൗനം പാലിച്ച പ്രധാനമന്ത്രി, ജയ് ബജ്രംഗ് ബലിയും വിവാദ സിനിമയെ വാഴ്ത്തിപ്പാടുകയും ചെയ്തതു ഭരണനേട്ടമായി ല്ല. റോഡ് നിറയെ സ്ഥാപിച്ച ഹനുമാന്റെ കട്ടൗട്ടുകളും ഹനുമാൻ വേഷധാരികളുമൊന്നും വോട്ടായി മാറിയില്ല. ബിജെപിയെ തുണച്ചിരുന്ന പ്രബല ലിംഗായത്ത് സമുദായത്തപ്പോലും പിണക്കിയതു മിച്ചം.
കർണാടക ജനവിധിയിലൂടെ മോദിയുടെ ഗ്രാഫ് ഇടിഞ്ഞു. രാഹുലിന്റെ ഗ്രാഫ് ഉയർന്നു.നേതൃപോര് മാറ്റിവച്ചു വിജയത്തിനായി ഒന്നിച്ച് ഉശിരോടെ, പ്രതീക്ഷയോടെ, പ്രത്യാശയോടെ പോരാടിയ കോണ്‍ഗ്രസിന്റെ അധികാരത്തിലേക്കുള്ള തിരിച്ചുവരവിനു സ്വർണത്തിളക്കമുണ്ട്.
സംസ്ഥാന നേതൃത്വത്തെ വിശ്വാസത്തിലെടുത്ത്, പൂർണ പിന്തുണ നൽകിയ കോണ്‍ഗ്രസ് ഹൈക്കമാൻഡിന്റെ നടപടികൾക്കും ഫുൾ മാർക്ക്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വദ്രയും സോണിയ ഗാന്ധിയും നേരിട്ടെത്തി പടനയിച്ചതും നേട്ടമായി.ഭാരത് ജോഡോ യാത്ര കടന്നുപോയ 21 നിയമസഭാ മണ്ഡലങ്ങളിൽ 17ലും വിജയം നേടാനായതിൽ രാഹുലിന് അഭിമാനിക്കാം.
2018ൽ വെറും അഞ്ചു സീറ്റിലായിരുന്നു ജയം. രാഹുൽ പോയ വഴിയിൽ അന്ന് 12 സീറ്റുകളുണ്ടായിരുന്ന ബിജെപി ഇക്കുറി വട്ടപ്പൂജ്യം. ജോഡോ യാത്ര നടത്തിയ മണ്ഡലങ്ങളിൽ ബിജെപി കഴിഞ്ഞ തവണ ജയിച്ച 12 സീറ്റുകളും കോണ്‍ഗ്രസ് പിടിച്ചെടുത്തുവെന്നതു നിസാരമല്ല. ജെഡിഎസിന് ഈ മേഖലയിലും നേട്ടവും കോട്ടവുമില്ലാതെ നാലു സീറ്റു നിലനിർത്താനായി.
ജനവിധിയുടെ മനസ് മതനിരപേക്ഷം
തങ്ങൾ കുഴിച്ച കുഴിയിൽ വീണു സ്വയം പരിക്കേറ്റെന്ന ക്ഷീണം ബിജെപിക്കു മിച്ചം. അഴിമതിക്കെതിരേ യുദ്ധം പ്രഖ്യാപിച്ച് അധികാരത്തിലേറിയ ബിജെപിക്കു കർണാടകയിലെ സർക്കാരിന്റെ അഴിമതി വൻ തിരിച്ചടിയായി.
കർണാടകയിലെ വിദ്യാലയങ്ങളിൽ ഹിജാബ് നിരോധിച്ച് വർഗീയ ചേരിതിരിവിന് നേതൃത്വം നൽകിയ വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷിന്റെ ദയനീയ തോൽവിയും പാഠമായി.
വിഭാഗീയത വളർത്തിയ "ദ കേരള സ്റ്റോറി'സിനിമയും ഹിന്ദു വോട്ടുകൾ ഏകോപിപ്പിക്കാൻ പാടിയ ഹനുമാൻ സ്തുതിയും (ഹനുമാൻ ചാലിസ) ബജ്രം ഗ്ബലി സ്തുതിയും ഒന്നും ബിജെപിയെ സഹായിച്ചില്ല. എല്ലാക്കാലത്തും മതവും ജാതിയും പറഞ്ഞു വോട്ടു നേടാമെന്നും ഭൂരിപക്ഷ വോട്ടുകളുടെ ധ്രുവീകരണം ഉറപ്പാക്കാമെന്നുമുള്ള അതിമോഹത്തിനു കന്നഡയിൽ കാലിടറി.
വിലക്കയറ്റം, തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി, അഴിമതി തുടങ്ങി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങളും നടപടികളുമാണു ജാതിയേക്കാളും മതത്തേക്കാളും പ്രധാനമെന്നു കർണാടക തെളിയിച്ചു. സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം പ്രതീക്ഷിച്ചതിലും കൂടുതലായി. വിശക്കുന്നവന്റെ മതം ഭക്ഷണമാണ്.
ഒപ്പം, വികസനവും വരുമാന വർധനയും മതേതരത്വവും ആഗ്രഹിക്കുന്നവരാണു സാധാരണ വോട്ടർമാർ. മതനിരപേക്ഷമാണ് ഇന്ത്യയുടെ പൊതുമനസ്. സുരക്ഷയും സമാധാനവും കാംക്ഷിക്കുന്നവരാണ് ഇന്ത്യക്കാർ.
Also Read » തിയേറ്ററില്‍ നിന്ന് കോടികൾ വാരിയ 'കേരള സ്റ്റോറി' ഇനി ഒ.ടി.ടിയിലേക്ക് ; റിലീസ് വിവരങ്ങള്‍
Also Read » ന്യൂസിലൻഡ് മലയാളികളുടെ പച്ചയായ ജീവിത കഥ പറയുന്ന " പപ്പ "ജൂൺ 2ന് തീയേറ്ററിൽ
English Summary : Kannada Story Becomes A Blockbuster Hit in Story