| 2 minutes Read
നസീര്‍ പള്ളിക്കല്‍
ഇശലുകളുടെ പൊലിമയിൽ തുടുത്ത കേരളീയ ഗ്രാമസീമകളോട് കിസ്സ പറയുന്ന മാപ്പിളപ്പാട്ടുകളുടെ സമ്പന്നമായ പൈതൃക വേരുകൾ തേടിച്ചെന്നാൽ നാം എത്തി നിൽക്കുക മഹാകവി മോയിൻകുട്ടി വൈദ്യരിലായിരിക്കും.
ചിറകു കുടയുന്ന ഈ ഇളം കാറ്റിൽ മൈലാഞ്ചിക്കൈകളും സുറുമക്കണ്ണുകളും താളമിട്ട ഗതകാല സ്മൃതികളുടെ സുഗന്ധം അലിഞ്ഞു ചേർന്നിട്ടുണ്ട്!
അറേബ്യൻ മിത്തുകളും നാടോടിക്കഥകളും തീർത്ത ചാരുത നമ്മുടെ പച്ചപ്പാർന്ന മലമേടുകളുടെയും നീലസാഗരങ്ങളുടെയും ഉള്ളുണർത്തിയ കാലം! ആയിരത്തൊന്നു രാവുകളും ലൈല വ മജ്നുവും സൃഷ്ടിച്ച ഫാൻ്റസിയിൽ വിസ്മയം കൂറിയ ജനപദം..!
പൂമകളാണെ/ ഹുസ്നുൽ ജമാൽ / പുന്നാരത്താളം /മികന്തെ ബീവി /
പ്രേമ സംഗീതത്തിൻ്റെ ഈ അനശ്വര ഈരടികളിലൂടെ അറബി / പേർഷ്യൻ സംസ്കൃതിയുടെ അന്തർധാരയെ മലയാളത്തിൻ്റെ മുഗ്ദ ശീലുകളാക്കി മാറ്റി നവീനമായൊരു നാദ താള പ്രപഞ്ചം നിർമിക്കുകയാണ് മഹാകവി ചെയ്തത്! അതും തൻ്റെ നിറപ്പകിട്ടാർന്ന ഇരുപതുകളിൽ!
നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ സാഹിത്യ ലോകത്ത് ഇതിഹാസമായിത്തീർന്ന ഹുസുനുൽ ജമാലിൻ്റെയും ബദറുൽ മുനീറിൻ്റെയും പ്രണയശോക കഥ മോയിൻകുട്ടി വൈദ്യർ അയത്നലളിതമായി ആവിഷ്കരിച്ചപ്പോൾ സ്വരശുദ്ധിയുടെ കർണാനന്ദകരമായ 85 ഇശലുകളുടെ മഹത്തായ നിധികുംഭമാണ് നമുക്ക് ലഭിച്ചത്..!
പേർഷ്യൻ ചകവർത്തിയായ മഹാസിൻ്റെ മകൾ ഹുസുനുൽ ജമാലിന് മന്ത്രി കുമാരൻ ബദറുൽ മുനീറുമായുണ്ടായ പ്രണയത്തിൻ്റെ സംഘർഷഭരിതവും സംഭവബഹുലമായ ആവിഷ്കാരമാണിക്കഥ.
മലക്കുകൾ, ജിന്ന്, ചെകുത്താൻ തുടങ്ങിയ അഭൗമ സൃഷ്ടികൾ കൂടി കടന്നു വരുന്ന, വിരഹത്തിൻ്റെ നൊമ്പരച്ചുവ പൂണ്ട വികാര സാന്ദ്രമായ കഥ!
സ്ത്രീ ശാക്തീകരണത്തിൻ്റെ കൂടി കഥ യാണിത്. ചക്രവർത്തി തടവിലിട്ട ബദറുൽ മുനീറിനെ അർധരാത്രികളിലൊന്നിൽ ജയിൽ മുക്തനാക്കി തൻ്റെ കുതിരയുടെ പിറകിലിരുത്തി ശ്യാമവർണമൊഴുകുന്ന മരുഭൂമിയിലൂടെ സുധീരം സഞ്ചരിക്കുന്ന ഹുസുനുൽ ജമാൽ രാജകുമാരി..!
ലഭ്യമായ രേഖകൾ പ്രകാരം ഒരു മലയാള കാവ്യത്തെക്കുറിച്ചും കവിയെക്കുറിച്ചം ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ പഠനം പ്രണയം തുളുമ്പുന്ന "ബദറുൽ മുനീർ ഹുസുനുൽ ജമാലി" നെ പറ്റിയും മോയിൻകുട്ടി വൈദ്യരെ പറ്റിയുമാണ്.
ബ്രിട്ടീഷ് കൊളോണിയൽ സർക്കാറിനു കീഴിൽ മദ്രാസ് പ്രവിശ്യയിൽനിന്ന് പ്രസിദ്ധീകരിച്ചിരുന്ന "ദ ഇന്ത്യൻ ആൻ്റി ക്വറി" യുടെ 1899 മാർച്ച് ലക്കത്തിലാണ് ഈ കാവ്യം പഠനവിധേയമാക്കിയത്.
മലബാർ ജില്ലയിലെ ബ്രിട്ടിഷ് പൊലീസ് ഓഫീസറായിരുന്ന ഫ്രെഡ് ഫൗസറ്റാണ്
"എ പോപ്പുലർ മാപ്പിള സോങ് " എന്ന പേരിലുള്ള പഠനം തയ്യാറാക്കിയത്.
മാപ്പിളപ്പാട്ടു ശാഖയിലെ സമരഗീതി കളെക്കുറിച്ച് ഇതേ പ്രസിദ്ധീകരണത്തിൻ്റെ 1901 നവംബർ ലക്കത്തിൽ "വാർ സോങ്സ് ഓഫ് മാപ്പിളാസ് ഓഫ് മലബാർ " എന്ന ലേഖനവും ഫ്രെഡ് ഫൗസറ്റർ എഴുതിയിട്ടുണ്ട്. പ്രസ്തുത രചനയുടെ ഇതിവൃത്തം മോയിൻകുട്ടി വൈദ്യരുടെ തന്നെ ബ്രിട്ടീഷ് ആധിപത്യത്തെ വിറപ്പിച്ച ബദർ, ഹുനൈൻ, മലപ്പുറം യുദ്ധങ്ങളെക്കുറിച്ചത്രെ..!
( ചരിത്രരേഖകൾക്ക് അവലംബം: യുവ ചരിത്രകാരനും പത്രപ്രവർത്തകനുമായ സമീൽ ഇല്ലിക്കലിൻ്റെ ശേഖരം)
Also Read » മലയാളത്തിലെ ആദ്യത്തെ ട്രഷർ ഹണ്ട് സിനിമയായ സൈമൺ ഡാനിയേൽ ഓഗസ്റ്റ് 19ന് തിയേറ്ററുകളിൽ എത്തുന്നു.
Also Read » സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന 'പാപ്പനി' ലെ ആദ്യ ഗാനം പുറത്തിറക്കി
English Summary : Mahakavi Moinkutty Vaidyar in Story