| 1 minute Read
സുധ മേനോൻ
ഒരു സമൂഹത്തില്‍ നീതി നടപ്പാക്കണമെങ്കില്‍ നിയമങ്ങള്‍ ഉണ്ടായാല്‍ മാത്രം പോര.ഭരണാധികാരികള്‍ക്ക് ചാഞ്ചല്യമില്ലാത്ത നീതിബോധം കൂടി ഉണ്ടായിരിക്കണം.
കക്ഷിരാഷ്ട്രീയ താല്പര്യത്തിന് അതീതമായി മനുഷ്യവ്യഥകളെ കരുണയോടെ കാണാന്‍ കഴിയണം. അല്ലാത്തത് എന്തും അനീതിയാണ്.
മദ്യപിച്ച് ഉത്തരവാദിത്വമില്ലാതെ വണ്ടിയോടിച്ച് ഒരു സാധുവായ ചെറുപ്പക്കാരന്റെ ജീവന് ഇല്ലാതാക്കിയശേഷം, അധികാരവും പ്രിവിലേജും ഉപയോഗിച്ച് അതില്‍ നിന്നും രക്ഷപ്പെടാന്‍ നോക്കുകയും, എല്ലാ കുറ്റവും ‘റെട്രോഗ്രേഡ് അംനേഷ്യക്ക്'മേല്‍ ചാരി വെക്കുകയും ചെയ്ത, നീതിബോധവും ധാര്‍മികതയും ഇല്ലാത്ത ശ്രീരാം വെങ്കട്ടരാമനെ കേസിന്റെ വിചാരണ തീരുംമുമ്പ് ‘ജില്ലാ മജിസ്ട്രേട്ട്’ ആക്കി നിയമിച്ചത് നിയമപരമായി എത്രമേല്‍ ന്യായീകരിച്ചാലും അതില്‍ പ്രത്യക്ഷത്തില്‍ തന്നെ നീതിനിഷേധം ഉണ്ട്.
ഒരു ജനാധിപത്യസര്ക്കാര് ചെയ്തുകൂടാത്ത തെറ്റാണ് അത്. കളക്ടർ ആയി ചാർജ്ജെടുത്ത അയാളുടെ ചിരി ഇന്നാട്ടിലെ സാധാരണ മനുഷ്യന്റെ നേർക്കുള്ള കൊഞ്ഞനം കുത്തലാണ് എന്ന് പറയാതെ വയ്യ.
അതുപോലെ, ഒരു മനുഷ്യജീവിതത്തില്‍ ഉണ്ടാക്കിയ മുഴുവന്‍ സമ്പാദ്യവും തൊട്ടടുത്തുള്ള ഒരു സഹകരണബാങ്കില്‍ നിക്ഷേപിച്ചു എന്ന ഒരൊറ്റ ‘കുറ്റം’ മാത്രം ചെയ്തതിന്റെ പേരിലാണ് സാധുവായ ഒരു കുടുംബത്തെ സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രി ആക്ഷേപിക്കുന്നത്.
പണമുണ്ടായിട്ടും അത് ഏറ്റവും അത്യാവശ്യമായ അവസ്ഥയില്‍ പോലും പ്രയോജനപ്പെടുത്താന്‍ കഴിയാതെ, ഭാര്യക്ക് കൃത്യമായ ചികിത്സ കൊടുക്കാന്‍ കഴിയാതെ ഭർത്താവും മകനും നിസ്സഹായതയില്‍ ഉരുകുമ്പോള്‍ ആണ് ആയമ്മ മരിക്കുന്നത് എന്നോര്‍ക്കണം.
അങ്ങനെ തീവ്രവേദനയുടെ ഉമിത്തീയില്‍ നീറുന്ന ആ മനുഷ്യരെയാണ് അധികാരത്തിന്റെ ഭാഷയില്‍ മന്ത്രി ആര്. ബിന്ദു ആക്ഷേപിക്കുന്നത്. കരുണയും,അനുതാപവും ലവലേശം ഇല്ലാതെ...
'ഇടതു പക്ഷം, ഹൃദയപക്ഷം' എന്നൊക്കെ ഇടയ്ക്കിടെ വിളിച്ചു പറയുന്നവര്‍ ഇത്തരം മനുഷ്യവിരുദ്ധമായ തീരുമാനങ്ങൾ എടുക്കുമ്പോഴും അഭിപ്രായങ്ങൾ പറയുമ്പോഴും ഓർക്കേണ്ടത് നിങ്ങൾ വെറും ഭരണപക്ഷം മാത്രമായി ചുരുങ്ങുകയാണ് എന്ന വസ്തുതയാണ്.
'നീതിയുടെ ബോധം തീ പോലെ ആവേശിക്കാത്ത സമൂഹത്തിനും പ്രസ്ഥാനത്തിനും കാലം തീർച്ചയായും നഷ്ടപ്പെടും' എന്നെങ്കിലും ഓർമിക്കുക.
English Summary : Sudha Menon Writes Article About Cpim in Story