main

മതശാലകളിൽ നിർത്തി കുട്ടികളെ പഠിപ്പിക്കുന്ന രീതി നിയമം മൂലം നിരോധിക്കണം... നസിർ ഹുസൈൻ കിഴക്കേടത്

| 3 minutes Read

നസിർ ഹുസൈൻ കിഴക്കേടത്

ജീവിതത്തിലെ ഏതാണ്ടെല്ലാ സൗഭാഗ്യങ്ങളും ലഭിച്ചിട്ടും ഗോമതിക്കും എനിക്കും ബാക്കിയായ ഒരേ ഒരാഗ്രഹം ഒരു മകളെ വേണമെന്നായിരുന്നു. ഇന്ത്യയിൽ നിന്നൊരു പെൺകുട്ടിയെ ദത്തെടുക്കാനുള്ള വഴികൾ വരെ ഞങ്ങൾ നോക്കിയതാണ്, നിയമത്തിന്റെ നൂലാമാലകൾ കാരണം ഉപേക്ഷിച്ചതാണ്.

8865-1684222523-ei60qp622407

ബാലരാമപുരത്ത് മദ്രസയിൽ നിന്ന് പഠിച്ചിരുന്ന അസ്മിയ കൊല്ലപ്പെട്ട വാർത്ത കേട്ടപ്പോൾ, എന്തിനാണ് കുട്ടികളെ ഇങ്ങിനെ വേറെ നിർത്തുന്നതെന്നാണ് ആദ്യം മനസ്സിൽ വന്നത്. പലപ്പോഴും ദാരിദ്ര്യമാണ് കാരണം. എന്റെ അടുത്ത ബന്ധുവിന്റെ മക്കൾ വാടാനപ്പളളിയിൽ ഇതുപോലെ ഒരു മതസ്ഥാപനം നടത്തുന്ന അനാഥാലയത്തിൽ നിന്നാണ് പഠിച്ചത്, അവരുടെ ബാപ്പ മരിച്ചുപോയതിന് ശേഷമുള്ള ദാരിദ്ര്യമായിരുന്നു കാരണം. പലപ്പോഴും മക്കളെ നോക്കാൻ , സുരക്ഷിതമായ ഒരിടം എന്ന നിലയിലാണ് മാതാപിതാക്കൾ കുട്ടികളെ മതകേന്ദ്രങ്ങളിലാക്കുന്നത്. മതവും ധാർമികതയും നമ്മുടെ സമൂഹം കൂട്ടികുഴച്ചു വച്ചിരിക്കുന്ന ഒരു സംഗതിയാണല്ലോ.

പക്ഷെ മദ്രസ എന്ന് ഗൂഗിൾ ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ് ഇപ്പോൾ വരുന്ന പീഡന വാർത്തകൾ. സംശയമുണ്ടെങ്കിൽ മദ്രസ എന്ന് എഴുതി ഗൂഗിൾ സേർച്ച് ചെയ്തിട്ട്, വാർത്താ ടാബ് എടുത്ത് നോക്കൂ..

ഇന്നലെ മാത്രം വന്ന വാർത്തകൾ :

1. താൻ നിൽക്കുന്ന ബാലരാമപുരത്തെ മദ്രസയിൽ പീഡനം നടക്കുന്നു എന്ന് ഉമ്മയെ വിളിച്ചു പരാതിപ്പെട്ട അസ്മിയയെ, ഉമ്മ മകളെ കൊണ്ടുപോകാനായി സ്ഥാപനത്തിൽ എത്തിയ സമയത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്..

2. "മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കി: മദ്രസ അധ്യാപകനായ പിതാവിനെ മൂന്ന് ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. 2021 മാർച്ചിൽ മാതാവ് വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു ഇയാളുടെ പീഡനം. മുറിയിൽ പഠിച്ചു കൊണ്ടിരുന്ന 14 കാരിയായ മകളെ ഇയാൾ വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു"

3. അഞ്ചു ദിവസം മുൻപ് വന്ന വാർത്ത : "വിദ്യാർഥിയെ പീഡനത്തിനിരയാക്കി, മദ്രസ അധ്യാപകന് 53 വർഷം കഠിന തടവ്, സംഭവം തൃശൂരിൽ..."

4. രണ്ടാഴ്ച മുൻപ് വന്ന വാർത്ത : "മലപ്പുറം പെരിന്തൽമണ്ണയിൽ പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന് 32 വർഷം തടവും 60,000 രൂപ പിഴയും : 2017 മുതൽ 2018 സെപ്റ്റംബർ വരെ ഉള്ള കാലത്ത് 13 വയസുകാരനെ മദ്രസയിലേക്ക് വിളിച്ച് വരുത്തി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്..."

5. മെയ് പതിനാറിൽ വാർത്ത : "പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസ്; മദ്രസ അദ്ധ്യാപകന് 67 വർഷം കഠിന തടവ്:


🔔 Follow Us
YouTube
   
Read FlashNewsOnline on Google News


ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

6. മാർച്ച് പത്തിലെ വാർത്ത : "പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വർഷങ്ങളായി പലയിടത്ത് വെച്ച് പീഡിപ്പിച്ചു ; മദ്രസ അദ്ധ്യാപകന് 53 വർഷം കഠിന തടവും 60,000 രൂപ പിഴയും."

7. ഫെബ്രുവരിയിലെ വാർത്ത : "മദ്രസ അധ്യാപകന് 169 വര്‍ഷം തടവും പിഴയും.... യൂസഫിനെതിരെ 11 പീഡനക്കേസുകൾ, ഇരയായത് വിദ്യാർഥികൾ.."

ഇങ്ങിനെ ഒരു വർത്തയില്ലാതെ ഒരു മാസം പോലും കടന്നുപോകുന്നില്ലെങ്കിൽ എന്തോ കാര്യമായ കുഴപ്പമുണ്ടെന്ന് ആദ്യം മനസിലാക്കേണ്ടത് കുട്ടികളെ മദ്രസയിലയക്കുന്ന മാതാപിതാക്കളാണ്. ശരിയായ അദ്ധ്യാപക പരിശീലനം കിട്ടാതെ, മതം മാത്രം പഠിച്ച് , വേറെ ഒരു ജോലിയും ചെയ്യാൻ പറ്റാതെ നടക്കുന്ന കുറെപ്പേരാണ് മദ്രസ അദ്ധ്യാപകരായി വരുന്നത് എന്നാണ് മേല്പറഞ വാർത്തകളിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത്. മാത്രമല്ല, മതം ഉസ്താദിനെ അനുസരിച്ചില്ലെങ്കിൽ ദൈവം ശിക്ഷിക്കും എന്നൊക്കെ കുട്ടികളെ പേടിപ്പിച്ച് വയ്ക്കുന്നത് കൊണ്ട്, നടക്കുന്ന പീഡനങ്ങളുടെ ഒന്നോ രണ്ടോ ശതമാനം മാത്രമായിരിക്കും പുറത്ത് വരുന്നത് തന്നെ.

എന്റെ മദ്രസ പഠനം രണ്ടാമത്തെ ക്ലാസ്സിൽ തന്നെ നിന്നുപോകാനുള്ള ഒരു കാരണം ഇതുപോലുള്ള ഒരു ഉസ്താദ് ആയിരുന്നു. എന്റെ കൂടെ വന്ന, എന്റെ അടുത്ത ബന്ധുവായ ഒരു കുട്ടിയെ പുള്ളി അറഞ്ചം പുറഞ്ചം തല്ലി , ആ കുട്ടി കരഞ്ഞു കരഞ്ഞു വായ അടക്കാൻ പറ്റാത്ത അവസ്ഥയിലായി ( locked jaw) , അവസാനം ആശുപത്രിയിൽ കൊണ്ടുപോകേണ്ടി വന്നു. അതുകണ്ടിട്ട് ഇനി എന്നോട് മദ്രസയിൽ പോകേണ്ട എന്ന് പറഞ്ഞത് ഉമ്മയാണ്. മതം ദയ പഠിപ്പിക്കും എന്നതൊക്കെ വെറും മാത്രമാണെന്ന് ചെറുപ്പത്തിൽ തന്നെ എനിക്ക് മനസിലാക്കിത്തന്നതിന് ആ ഉസ്താദിന് നന്ദി.

പ്രായപൂർത്തിയാകുന്നത് വരെ മതപഠനത്തിന്റെ ആവശ്യമില്ല എന്ന അഭിപ്രായക്കാരനാണ് ഞാൻ. അതിനു ശേഷം മതഗ്രന്ഥങ്ങൾ വായിച്ചിട്ട് ആർകെങ്കിലും ഒരു മതത്തെ പിന്തുടരണം എന്ന് കരുതുന്നുണ്ടെങ്കിൽ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിനും എന്തെങ്കിലും തകരാറുണ്ടാകും. നമ്മളെല്ലാവരും ഒരു മതത്തിൽ വിശ്വസിക്കുന്ന മാതാപിതാക്കൾക്ക് ജനിക്കുന്നത് കൊണ്ട് മതം പിന്തുടരുന്നവർ മാത്രമാണ്. പല യുക്തിവാദികളും ജനിക്കുന്നത് അവരവരുടെ മത ഗ്രന്ഥങ്ങൾ മലയാളത്തിൽ മനസിലാക്കി വായിക്കാൻ ശ്രമിക്കുമ്പോഴാണ്. അത്രക്ക് അക്രമവും വിഡ്ഢിത്തരങ്ങളുമെല്ലാമാണ് നൂറ്റാണ്ടുകൾക്ക് മുൻപെഴുതിയ മതഗ്രന്ഥങ്ങളിലുള്ളത്. മനുഷ്യവകാശങ്ങളെ കുറിച്ചും, നീതിയെ കുറിച്ചും, ലിംഗനീതിയെ കുറിച്ചും മനുഷ്യ സമത്വത്തെ കുറിച്ചുമെല്ലാമാണ് കുട്ടികൾ പഠിക്കേണ്ടത്. `

മതശാലകളിൽ നിർത്തി കുട്ടികളെ പഠിപ്പിക്കുന്ന രീതി നിയമം മൂലം നിരോധിക്കണം, പക്ഷെ അതിനുമുൻപ് ഇതുപോൽ ദരിദ്രയായ കുട്ടികളെ സംരക്ഷിക്കാനുള്ള സർക്കാർ സംവിധാനങ്ങൾ ശക്തിപ്പെടുത്തണം. കുട്ടികളെ മതപാഠശാലകളിൽ വിടുന്ന മാതാപിതാക്കൾ കുട്ടികളെ പഠിപ്പിക്കുന്നവരെ കുറിച്ച് നന്നായി ഒന്നന്വേഷിക്കണം, പറ്റുമെങ്കിൽ, ക്ലാസ് നടക്കുന്ന സമയത്ത് കുട്ടികളുടെ കൂടെ ഒരു രക്ഷിതാവ് ഉണ്ടാകണം.

ചില രാജ്യങ്ങൾ വിജയിക്കുകയും, ചിലവ പരാജയപ്പെടുകയും ചെയ്യുന്നത് എന്തുകൊണ്ട് എന്ന അന്വേഷണത്തിന്റെ ഫലം, Why Nations Fail എന്നൊരു പുസ്തകമായി ഇറങ്ങിയിട്ടുണ്ട്. അവരുടെ പ്രധാന കണ്ടെത്തൽ , വിജയിക്കുന്ന രാജ്യങ്ങളിൽ, പക്ഷഭേദമില്ലാതെ നീതി നടപ്പാക്കുന്ന പോലീസ് സേന , സമയബന്ധിതമായി ശിക്ഷ വിധിക്കുന്ന കോടതികൾ , ശരിയായി പാലിക്കപ്പെടുന്ന നിയമവ്യവസ്ഥ, നിയമനിർമാണ സഭകൾ തുടങ്ങിയ ശക്തിയായ Institutions ഉണ്ടാകുമെന്നതാണ്. നമ്മുടെ നാട്ടിൽ ഒരു കുറ്റകൃത്യം നടന്ന ഇരുപത് വർഷങ്ങൾക്ക് ശേഷമെല്ലാമാണ് ശിക്ഷ വിധിക്കുന്നത്. അപ്പോഴേക്കും സമൂഹത്തിന്റെ മനസ്സിൽ നിന്ന് കുറ്റകൃത്യത്തിന്റെ ഓർമ്മകൾ മാഞ്ഞിട്ടുണ്ടാകും. കുട്ടികൾ പീഡിപ്പിക്കപ്പെടുന്ന കുറ്റ കൃത്യങ്ങൾക്ക് അതിവേഗ കോടതികൾ നടപ്പിലാക്കി ഒരു വർഷത്തിനുള്ളിൽ ശിക്ഷ വിധിക്കാനുള്ള സംവിധാനം ഉണ്ടാകണം.

അസ്മിയ മോളുടെ ജീവനഷ്ടം ഒരു വലിയ മാറ്റത്തിന്റെ തുടക്കം കുറിക്കട്ടെ.

#justiceforasmiya

നോട്ട് 1 : ഇതൊക്കെ മറ്റുള്ള മതങ്ങളിലും നടക്കുന്നുണ്ട്, സ്കൂളുകളിലും പീഡനം നടക്കുന്നുണ്ട് എന്നൊന്നും പറഞ്ഞു ദയവായി കമന്റ് ചെയ്ത് കുറ്റവാളികൾക്ക് പ്രോത്സാഹനം നൽകരുത്. Spotlight എന്ന സിനിമ ഞാനും കണ്ടിട്ടുള്ളതാണ്.


Also Read » അമുസ്‌ലിങ്ങളുടെ ആരാധനാലയങ്ങൾ സംബന്ധിച്ച കരട് നിയമത്തിന് യുഎഇ എഫ്‌എൻസി അംഗീകാരം


Also Read » ഏകീകൃത വിവാഹമോചന നിയമം ; ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ സുപ്രീം കോടതിയിൽ ഹർജി നൽകി


RELATED

English Summary : The Practice Of Teaching Children In Religious Places Should Be Prohibited By Law Nasir Hussain Kizhakkedu in Story

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.83 MB / ⏱️ 0.0242 seconds.