വെബ് ഡെസ്ക്ക് | | 3 minutes Read
വടക്ക് കിഴക്കന്‍ മേഖലയിലെ പ്രധാനപ്പെട്ട നഗരമാണ് ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തല. വിസ്‌തീര്‍ണത്തിന്റെയും ജനസംഖ്യയുടെയും അടിസ്ഥാനത്തില്‍ മേഖലയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരം എന്ന ഖ്യാതിയും അഗര്‍ത്തലയ്‌ക്കുണ്ട്.
ബംഗ്‌ളാദേശില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന അഗര്‍ത്തല ഒരു സാംസ്‌കാരിക കേന്ദ്രം കൂടിയാണ്.
പശ്ചിമ ത്രിപുരയില്‍ സ്ഥിതി ചെയ്യുന്ന അഗര്‍ത്തലയിലൂടെ ഹൗറാ നദി ഒഴുകുന്നു. ഉല്ലാസവും സാഹസികതയും സംസ്‌കാരവും ഒന്നിക്കുന്ന ഈ നഗരം സസ്യ-ജന്തുജാലങ്ങളാല്‍ സമ്പന്നമാണ്.
അഗര്‍ത്തലയെ വിനോദസഞ്ചാരികളുടെ പ്രിയ കേന്ദ്രമാക്കുന്നതില്‍ ഇവയെല്ലാം അതിന്റേതായ പങ്ക് വഹിക്കുന്നുണ്ട്. ഭൂമിശാസ്‌ത്രപരമായും മേഖലയിലെ മറ്റു സംസ്ഥാന തലസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്‌തമാണ് അഗര്‍ത്തല.
ഗംഗാ-ബ്രഹ്മപുത്ര സമതലത്തിന്റെ പടിഞ്ഞാറ് ഭാഗത്താണ് അഗര്‍ത്തല സ്ഥിതി ചെയ്യുന്നത്. നിബിഡ വനങ്ങള്‍ അഗര്‍ത്തലയുടെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുകയും ഇവിടേയ്‌ക്ക് വിനോദസഞ്ചാരികളെ വന്‍തോതില്‍ ആകര്‍ഷിക്കുകയും ചെയ്യുന്നു.
ഒരു സംസ്ഥാന തലസ്ഥാനമാണെങ്കിലും അതിന്റെ തിരക്കും ബഹളങ്ങളുമൊന്നും അഗര്‍ത്തലയില്‍ കാണാനാകില്ല. ഇവിടുത്തെ ശാന്ത സുന്ദരമായ അന്തരീക്ഷം സഞ്ചാരികള്‍ക്ക് മികച്ച അവധിക്കാല അനുഭവമായിരിക്കും പ്രദാനം ചെയ്യുക. ഒപ്പം സംസ്‌കാരത്തിന്റെയും പ്രകൃതിയുടെയും മടത്തട്ടില്‍ ഒരു അവധിക്കാലം ചെലവഴിക്കാനുള്ള അവസരവും.
അഗര്‍ത്തലയുടെ ചരിത്രത്തിലൂടെ മാണിക്യ വംശത്തിലെ രാജാവായിരുന്ന കൃഷ്‌ണ മാണിക്യ 19-ാം നൂറ്റാണ്ടില്‍ തന്റെ തലസ്ഥാനം തെക്കന്‍ ത്രിപുരയിലെ ഉദയ്‌പൂരിലെ രംഗമാതിയില്‍ നിന്ന് ഇന്നത്തെ അഗര്‍ത്തലയിലേക്ക് മാറ്റിയതോടെയാണ് അഗര്‍ത്തല പ്രശസ്‌തിയിലേക്ക് ഉയരുന്നത്.
കുക്കികളുടെ നിരന്തരമായ ആക്രമണം വലിയൊരു പ്രശ്‌നമായതോടെയാണ് തലസ്ഥാനം മാറ്റാന്‍ രാജാവ് തീരുമാനിച്ചത്. ബ്രിട്ടീഷ് ബംഗാളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവും തലസ്ഥാന മാറ്റത്തിന് പിന്നിലുണ്ടായിരുന്നു.
1940ല്‍ അന്നത്തെ രാജാവായിരുന്ന ബിര്‍ ബിക്രം കിഷോര്‍ മാണിക്യ ബഹദൂറാണ് നഗരത്തെ ഇന്ന് കാണുന്ന രീതിയില്‍ രൂപപ്പെടുത്തിയത്. ഇതോടെ റോഡുകള്‍, വിപണന മന്ദിരങ്ങള്‍, മുനിസിപ്പാലിറ്റി എന്നിവ നഗരത്തിന്റെ ഭാഗമായി. അദ്ദേഹം നഗരത്തിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് അഗര്‍ത്തല, ബിര്‍ ബിക്രം മാണിക്യ ബഹദൂറിന്റെ നഗരം എന്നും അറിയപ്പെടുന്നു.
ഒരു രാജവംശത്തിന്റെ തലസ്ഥാനമായതിനാലും ബംഗ്‌ളാദേശുമായള്ള സാമീപ്യം കൊണ്ടും നിരവധി പ്രമുഖര്‍ക്ക് ആതിഥ്യമരുളാന്‍ അഗര്‍ത്തലയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. രബീന്ദ്രനാഥ് ടാഗോര്‍ നിരവധി തവണ അഗര്‍ത്തല സന്ദര്‍ശിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ത്രിപുര രാജാക്കന്മാരുമായി അടുത്ത ബന്ധമുള്ളതായും വിശ്വസിക്കപ്പെടുന്നു.
അഗര്‍ത്തലയിലും പരിസരങ്ങളിലുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അഗര്‍ത്തലയിലും പരിസരങ്ങളിലും നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട്. പാരമ്പര്യത്തിന്റെ തനിമ കൈവിടാതെ ആധുനികതയെ പുല്‍കിയ അപൂര്‍വ്വം ചില വടക്ക് കിഴക്കന്‍ നഗരങ്ങളില്‍ ഒന്നാണ് അഗര്‍ത്തല.
ഇവിടെ നിരവധി കൊട്ടാരങ്ങളും രാജഭരണകാലത്തെ തോട്ടങ്ങളും കാണാം. രാജഭരണകാലത്ത് നിര്‍മ്മിച്ച കെട്ടിടങ്ങളോടൊപ്പം ആധുനിക മന്ദിരങ്ങളും ഇവിടെ തോളുരുമ്മി നില്‍ക്കുന്നു.
അഗര്‍ത്തലയിലെത്തുന്ന സഞ്ചാരികള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട മന്ദിരമാണ് ഉജ്ജയാന്ത കൊട്ടാരം. രാധാ കിഷോര്‍ മാണിക്യ രാജാവാണ് ഈ കൊട്ടാരം നിര്‍മ്മിച്ചത്. 1901ല്‍ നിര്‍മ്മാണം പൂര്‍ത്തിയായ ഈ കൊട്ടാരത്തില്‍ ഇപ്പോള്‍ സംസ്ഥാന നിയമസഭയാണ് പ്രവര്‍ത്തിക്കുന്നത്.
നഗരത്തില്‍ നിന്ന് 53 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മനോഹരമായ കൊട്ടാരമാണ് നീര്‍മഹല്‍. ബിര്‍ ബിക്രം കിഷോര്‍ മാണിക്യ രാജാവാണ് നീര്‍മഹല്‍ നിര്‍മ്മിച്ചത്. രുദ്രാസാഗര്‍ തടാകത്തിന് നടുക്ക് സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരം രാജാവിന്റെ വേനല്‍ക്കാല വസതിയായിരുന്നു. ഹിന്ദു-മുസ്‌ളിം നിര്‍മ്മാണശൈലികളുടെ സമ്മേളനം കൊണ്ടും നീര്‍മഹല്‍ പ്രശസ്‌തമാണ്.
അഗര്‍ത്തലയിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്നായ ജഗന്നാഥ ക്ഷേത്രം ഒരു ശില്‍പ്പ വിസ്‌മയം കൂടിയാണ്. അഷ്ടകോണ്‍ ആകൃതിയിലുള്ള ക്ഷേത്രത്തിന്റെ ശ്രീകോവിലിന് ചുറ്റിലുമായി മനോഹരമായ ഒരു പ്രദക്ഷിണ പാതയും ഉണ്ട്.
അഗര്‍ത്തലയിലെ പ്രശസ്‌തമായ മറ്റൊരു ആരാധാനാലയമാണ് ലക്ഷ്‌മീനാരായണ്‍ ക്ഷേത്രം. വിശ്വാസികളും വിനോദസഞ്ചാരികളും ഒരുപോലെ ഈ ക്ഷേത്രം സന്ദര്‍ശിക്കുന്നുണ്ട്. കൃഷ്‌ണാനന്ദ സേവയെത്ത് ആണ് ഈ ക്ഷേത്രം സ്ഥാപിച്ചത്.
വടക്കുകിഴക്കന്‍ മേഖലയിലെ ഒരു വാണിജ്യകേന്ദ്രമായും അഗര്‍ത്തല മാറി കൊണ്ടിരിക്കുകയാണ്. അരി, എണ്ണക്കുരുക്കള്‍, തേയില, ചണം എന്നിവയാണ് ഇവിടുത്തെ പ്രധാന വിപണന വസ്‌തുക്കള്‍. ചില വിപണകേന്ദ്രങ്ങളും നഗരത്തിലുണ്ട്. സഞ്ചാരികള്‍ വിപണനകേന്ദ്രങ്ങള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കണം. നേരത്തേ പറഞ്ഞ ഉത്‌പന്നങ്ങള്‍ക്ക് പുറമെ കരകൗശല വസ്‌തുക്കളും കമ്പിളി വസ്‌ത്രങ്ങളും ഈ വിപണികളില്‍ നിന്ന് വാങ്ങാന്‍ കഴിയും.
Also Read » കാണുന്നവരുടെ കണ്ണും മനസ്സും നിറയ്ക്കുന്ന അനുഭവം, കുട്ടികളുടേയും കുടുംബങ്ങളുടേയും പ്രിയം നേടി 'തോൽവി എഫ്‍സി'
Also Read » സീരിയൽ താരം ഡോ. പ്രിയ (35) അന്തരിച്ചു
English Summary : Agartala Tourism in Travel