| 2 minutes Read
ജ്യോതി മദൻ
ഹൊഗനക്കലിലേയ്ക്കുള്ള യാത്ര തികച്ചും അവിചാരിതമായി സംഭവിച്ചതാണ്. എന്റെ bucket list ഒരിയ്ക്കലുമില്ലാതിരുന്ന സ്ഥലമാണ്.
മൈസൂർ, ബേലൂർ, ചിക്ക് മഗ്ലൂരൊക്കെ പ്ലാൻ ചെയ്തിരിയ്ക്കുമ്പൊഴാണ് കർണാടക ഇലക്ഷൻ റിസൾട്ട് പ്രഖ്യാപന ദിവസമാണല്ലൊ എന്നോർത്തത്. അവിടെ പോയി ബ്ലോക്കിൽ കിടക്കണ്ടല്ലൊ എന്ന് കരുതി Tourist Places in Tamilnadu ചോദിച്ചപ്പൊ ഗൂഗിളമ്മായിയാണ് ഹൊഗനക്കൽ കാണിച്ച് തന്നത്.
അത് കർണാടകയിലല്ലെ എന്നായി ഞാൻ . തമിഴ് നാട് കർണാടക ബോർഡറാണെന്നും കർണാടകത്തേക്കാൾ തമിഴ്നാട്ടിലാണ് ഈ ഫോൾസ് experience ചെയ്യേണ്ടതെന്നുമൊക്കെ ഗൂഗിളമ്മായി വിശദമായി പറഞ്ഞു തന്നു.
എങ്കിൽ പിന്നെ അത് മിസാക്കണ്ട എന്ന് മനസ് പറഞ്ഞു. ( കൊട്ടവഞ്ചി യാത്രയ്ക്കിടയിൽ ഹൊഗനക്കലിലേയ്ക്കുള്ള കർണാടക കൂട്ടവഞ്ചിക്കടവ് ഞങ്ങളുടെ വഞ്ചിക്കാരൻ Ram Boat - അങ്ങനെയാണ് മൂപ്പർക്ക് Gpay ചെയ്യാൻ നോക്കിയപ്പൊ കണ്ടത്😄 - കാണിച്ച് തന്നു .
ആളും ആരവുമില്ലാതെ ആ കടവും കുട്ടവഞ്ചികളും വെറുതെ കിടക്കുന്നുണ്ടായിരുന്നു. )
പതിവ് പോലെ റൂം ബുക്കിങ്ങില്ലാതെ രണ്ടാം ശനിയാഴ്ച വൈകുന്നേരം ഹൊഗനക്കലിലെത്തിയ ഞങ്ങളെ Ram Boat തന്നെയാണ് ചാക്കിട്ട് പിടിച്ച് Hotel എന്നോ Lodge എന്നോ പറയാൻ പറ്റാത്ത ഒരു കെട്ടിടത്തിലേയ്ക്ക് നയിച്ചത്.
ചുറ്റും പലയിടത്തും അന്വേഷിച്ച് റൂം കിട്ടാതെ ചെറിയ ടെൻഷനിലായിരുന്നു ഞങ്ങൾ . ഒടുവിൽ Ram boat മായി വില പേശി വില പേശി 4 star hotel റൂമിന്റെ നിരക്കിൽ ഒരു സാദാ Alc ലോഡ്ജ് റൂം ഞങ്ങൾ തരപ്പെടുത്തി.
റൂം മാത്രമേയുള്ളൂ. റൂമിൽ ഒരു ഷെൽഫ് പോലുമില്ല. എന്തിനേറെ, കുടിവെള്ളം പോലും റൂമിലില്ല. ബാത്റൂമിൽ തോർത്തില്ല , സോപ്പില്ല ചൂടുവെള്ളമില്ല . ( ടാപിൽ നിന്നും വെള്ളം വരുന്നുണ്ട് - ഭാഗ്യം ) A/C ഉണ്ടെന്നതും വൃത്തിയുള്ള റൂമാണെന്നതും വിശാലമായ bed കളുണ്ടെന്നതും മാത്രം ആശ്വാസം.
വൈകുന്നേരം തന്നെ കാവേരിയെ കാണാൻ പുറപ്പെട്ടു. ചെഞ്ചുവപ്പ് കാണിച്ച് കൊതിപ്പിച്ച് സൂര്യൻ കാവേരിയ്ക്കപ്പുറത്തെ മലമടക്കുകളിലേയ്ക്ക് വിശ്രമത്തിനായി പോകാനൊരുങ്ങുകയായിരുന്നു അപ്പോൾ. കാവേരിയാകട്ടെ വെള്ളച്ചാട്ടങ്ങളിൽ കുതിച്ചും താഴ് വാരങ്ങളിൽ കിതച്ചും സമതലങ്ങളിലെ പാറയിടുക്കുകളിൽ ലല്ലലം പാടിയും നിർത്താതെ ഒഴുകിക്കൊണ്ടിരുന്നു.
ഹാങ്ങിങ് ബ്രിഡ്ജിൽ നിന്നുകൊണ്ട് ആ കാഴ്ചകൾ കാണവേ അടുത്ത സന്ധ്യ കാണുക കോട്ടമതിലിന് മുകളിൽ നിന്നാകുമെന്ന് ഓർത്തതേയില്ല.
ഇനിയൊരിക്കൽക്കൂടി തിരിഞ്ഞ് നോക്കാനാവാത്തവിധം വൃത്തിഹീനമായ തീരങ്ങൾ. മുട്ടറ്റം വെള്ളമുള്ളയിടങ്ങളിൽ ആളുകൾ കുളിയ്ക്കുകയും കളിയ്ക്കുകയുമൊക്കെ ചെയ്യുന്നു. മതിമതിയോന്ന് തോന്നിപ്പോയി.
കുട്ടവഞ്ചി സവാരിക്കാരെല്ലാം മടങ്ങിയെത്തി തുടങ്ങി. രാവിലെ 7 മണിയ്ക്ക് തുടങ്ങുന്ന സവാരി സന്ധ്യയാകുന്നതോടെ അവസാനിപ്പിയ്ക്കും. കുട്ടവഞ്ചി സഫാരി കഴിഞ്ഞെത്തിയവരെല്ലാം അസ്തമയ കാഴ്ചയുടെ ബോണസ് കൂടി കിട്ടിയതിനാൽ വലിയ സന്തോഷത്തിലാണ്.
വേണോ വേണ്ടയോ എന്ന 50-50 ൽ നിന്ന ഞങ്ങളെ നാളെ രാവിലെ എന്തായാലും കുട്ട വഞ്ചിയിൽ പോകാം എന്ന തീരുമാനത്തിലെത്തിച്ചത് അവരാണ്.
Also Read » കാവേരിയിലെ കുട്ടവഞ്ചികൾ - ഭാഗം 2
Also Read » കാവേരിയിലെ കുട്ടവഞ്ചികൾ - 3 (അവസാന ഭാഗം )
English Summary : Basketboats Of Cauvery in Travel