| 4 minutes Read
പ്രവീൺ പടയമ്പത്ത്
ആദ്യം ലാഹുൾ സ്പിതി എവിടെയാണെന്ന് അറിയാത്തവർക്കായി പറഞ്ഞു തരാം .
ഇന്ത്യയുടെ വടക്കെ അറ്റത്ത് , ചൈനീസ് അതിർത്തിയിലുള്ള ഹിമാചൽ പ്രദേശിലെ തിബറ്റൻ ഗോത്രവർഗ്ഗ ഗ്രാമം ആണ് സ്പ്തി. സിപ്തി - ലാഹുൾ ഹിമാചലിലെ രണ്ട് റീജിയണിലായിക്കിടക്കുന്ന ഒരു ജില്ലയാണ്.
തിരുവിതാംകൂർ- മലബാർ എന്ന് പണ്ട് കേരളത്തിൽ പറയാറുള്ളത് പോലെ രണ്ട് പ്രദേശങ്ങളാണ് ഇത്. തിബറ്റിൽ നിന്ന് ചരിത്രകാലത്ത് കുടിയേറിയ തിബറ്റൻ ബുദ്ധിസ്റ്റ് ട്രൈബൽസാണ് ഇവിടെ താമസിക്കുന്നത്.
ഭൂപ്രകൃതി, ഭക്ഷണം , വസ്ത്രം , ജീവിതരീതികൾ , ആചാരങ്ങൾ ഒക്കെ തന്നെയും താഴ്വരവാസിയുമായി സാമ്യതകളൊ താരതമ്യമൊ ഇല്ല .
സ്പിതിയിലെ പ്രധാനപ്പെട്ട പട്ടണം കാസ ആണ്. നമുക്ക് പരിചയമുള്ള പട്ടണങ്ങളുടെ നിലയല്ല കാസയ്ക്കുള്ളത്. . വളരെ സൗകര്യങ്ങൾ കുറഞ്ഞ, എന്നാൽ ടൂറിസ്റ്റുകൾക്ക് താമസ സൗകര്യങ്ങൾ നൽകുന്ന ഒരു ഇടത്താവളം എന്ന് കാസയെ വിളിക്കാം. സീസൺ ജൂൺ, ജൂലൈ ആണ്. വാടക സീസണിൽ 2000 മുതലാണ് '
വികസനം എത്തി നോക്കാത്ത വളരെ റിമോട്ടായ ഒരു ഹിമാലയൻ മരുപ്രദേശമാണ് സ്പിതി - ലാഹുൾ ജില്ല . സ്പിതി വിവിധ സ്ഥലങ്ങളിലായി വ്യത്യസ്ത ഗോത്ര ഗ്രാമങ്ങളായിട്ടാണ് നിലനിൽക്കുന്നത് .
എൽ. പി - യു. പി പള്ളിക്കൂടം കഴിഞ്ഞ് ഹൈസ്കൂൾ - പ്ലസ് റ്റു വിദ്യാഭ്യാസത്തിന് താഴ്വരയിലെ കാസയിൽ എത്തിച്ചേരണം. കോളേജ് വിദ്യാഭ്യാസത്തിന് 8 മണിക്കൂർ യാത്ര ചെയ്ത് റെക്കോങ്ങ് പിയോയിൽ ചെല്ലണം.
പ്രാഥമിക ആരോഗ്യ കേന്ദ്രമാണ് ആശുപത്രി എന്ന നിലയിൽ അവിടെ ഉള്ളത്. പ്രധാന ചികിൽസകൾക്കും റെക്കോങ്ങ്പിയോ തന്നെ ആശ്രയം.
വിദേശമദ്യ വിൽപ്പനശാല കാസയിലുണ്ട്. പ്രദേശവാസികൾ സാധാരണ നിലയിൽ ഉപയോഗിക്കുന്നത് വീട്ടിൽ വെച്ച് അവർ തന്നെ പ്രിപ്പയർ ചെയ്യുന്ന , ബാർലിയിൽ നിന്ന് ഉണ്ടാക്കുന്ന ചാങ്ങ് എന്ന മദ്യം ആണ്. കുപ്പിക്ക് 200 രൂപ വിലയിൽ പ്രദേശികമായി അത് ലഭ്യവുമാണ് .
ഉരുളക്കിഴങ്ങ്, കാബേജ്, കോളി ഫ്ലവർ, പട്ടാണി, ഇലക്കറികൾ പ്രധാനമായും കൃഷി ചെയ്യുന്നു. പൊതു ജീവിതം 6 മാസം മാത്രമാണ് . 6 മാസം വിൻ്റർ ആയാൽ വീട്ടിൻ്റെ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങിയിരിക്കും അവരുടെ ജീവിതം.
വീടുകൾ ഒക്കെ വളരെ പ്രത്യേകമായ നിർമ്മാണ രീതിയാണ് അവലംബിക്കുന്നത് . ചളിയിൽ തൂത്ത് ചുമരുകൾ , ഉയരമില്ലാത്ത വാതിലുകൾ , കഷ്ടിച്ച് ഒരാൾക്ക് നിൽക്കാവുന്ന ഉയരം മാത്രമുള്ള ചെറിയ മുറികൾ, തണുപ്പിനെ പ്രതിരോധിക്കാവുന്ന നിലയിൽ സീലിംഗ് ,കുറ്റിച്ചെടികളുടെ കമ്പ് ഉപയോഗിച്ച് മുകൾതട്ട് . പ്രത്യേകതകളുടെ ലിസ്റ്റ് നീളും.
സ്പിതി - ലാഹുളിലെ പ്രദേശവാസികളുടെ വെളിക്കിരിപ്പിടം ( തൂറൽ സ്ഥലം ) പണ്ട് നമ്മുടെ നാട്ടിലൊക്കെ ഉണ്ടായിരുന്ന വലിയ കുഴി, അതിൻ്റെ നടുക്കൂടെ മരപ്പലകകൾ , ഓർമ്മയില്ലെ ? അതാണ് സിസ്റ്റം .
തണുപ്പുകാലം വെള്ളം ഐസായി മാറുന്നത് കൊണ്ടാവാം ഇപ്പോഴും ഗ്രാമവാസികൾ ഈ രീതി അവലംബിക്കുന്നത്.
ചരിത്രകാലത്ത് സ്ഥാപിക്കപ്പെട്ട , വളരെ സവിശേഷതകളുള്ള , ചൈനീസ് - ഇന്ത്യൻ ആർക്കിടെക്ചറിൽ നിർമ്മിക്കപ്പെട്ട ഗംഭീരം മൊണാസ്ടികൾ ( ബുദ്ധക്ഷേത്രങ്ങൾ ) സ്പിതി വാലിയിലുണ്ട്.
അതി മനോഹരമായ ഹിമാലയൻ പശ്ചാതലത്തിലെ ധ്യാന ബുദ്ധസങ്കേതം കാണണ്ടത് തന്നെയാണ്.
പ്രധാനപ്പെട്ട നദി സ്പിതിയാണ്. വാലിയിൽ നിന്ന് റോഡ് വഴി ഇറങ്ങി വരുമ്പോൾ നാം കാണുന്ന ഗംഭീരമായ കാഴ്ചയുണ്ട് . അത് കാസ താഴ് വരയ്ക്ക് അരഞ്ഞാണമായി ഒഴുകുന്ന ഹിമാലയൻ ഗോത്രവർഗ്ഗ സുന്ദരിയായ സ്പിതി തന്നെയാണ് .
എവിടെ നോക്കിയാലും ഹിമവാൻ്റെ ഹൃദയത്തെ തൊടുന്ന , വിസ്മയിപ്പിക്കുന്ന കാഴ്ചകൾക്കിടയിൽ തട്ടുതട്ടായി തിരിച്ച ഹിമാലയൻ കൃഷിയിടങ്ങൾ കാണേണ്ടത് തന്നെ. പെരുമ്പാമ്പ് ഇഴഞ്ഞിഴഞ്ഞ് പോകുന്നത് പോലെയുള്ള പാത.... അതിലൂടെ ഒരു ഡ്രൈവ് ആരുടെയും മനം മയക്കും.
വാലിയിലെ പ്രധാന ആകർഷണങ്ങളിലൊന്ന് ഗംഭീരമായ ബുദ്ധ പ്രതിമയാണ്. തിബറ്റൻ കാറ്റിൽ സർവ്വത്തിനും സാക്ഷിയായി പത്മസാംഭവൻ്റെ വഴികാട്ടി , ഗുരുക്കന്മാരിൽ ഗുരുവായ സാക്ഷാൽ ശ്രീബുദ്ധഭാവാൻ്റെ ആ ഇരിപ്പ്.
നിർനിമേഷമായ ....പുഞ്ചിരിച്ച ആ മുഖം. ധ്യാനനിമീലതമായ നോട്ടം .... ആ പ്രതിമ കുറച്ചധികം സമയം നോക്കിയിരിക്കാൻ തോന്നുമെങ്കിലും പൊടിക്കാറ്റ് അതിനൊന്നും സമ്മതിക്കാതെ നമ്മെ മടക്കിയയ്ക്കും.
ഹിമലയൻ പ്രദേശങ്ങളിലെ ഏറ്റവും ഉയരത്തിലുള്ള ഹോട്ടലും , പോസ്റ്റ് ഓഫീസും ഇവിടെയുണ്ട്. പ്രാചീനമായ ജീവിതരീതികൾ തുടരുന്ന ഗ്രാമവാസികളെ കിബ്ബറിലും , കൊമിക്കിലും നമുക്ക് കാണാം.
സഞ്ചാരികളെ ആകർഷിക്കുന്ന ചിച്ചമിലെ സസ്പെൻഷൻ ബ്ര്ഡ് ജും കണ്ട് നമുക്ക് കാസയിലേക്ക് മടങ്ങാം .
ഒന്ന് രണ്ട് കാര്യങ്ങൾ ഓർമ്മിപ്പിക്കാം. ഗ്രാമങ്ങൾ എല്ലാം വിട്ട് വിട്ടാണ് നിൽക്കുന്നത് . ലോക്കൽ ബസുകൾ അപൂർവ്വമായി ഗ്രാമീണർക്കായി ഉള്ളത് ഒഴിച്ചാൽ സംഗതി ശോകമാണ്.
ലോക്കൽ ബസിനെ ആശ്രയിച്ചാൽ മൂന്നോ നാലോ ദിവസം വേണ്ടി വരും കണ്ട് തീർക്കാൻ .കാറോ, സുമോ പോലത്തെ ചെറുവണ്ടികൾ വാടകയ്ക്കെടുത്താൽ ഒരു ദിവസം കൊണ്ട് വാലിയിലെ കാഴ്ചകൾ കണ്ട് തീർക്കാം .
ഞാൻ ഒരു അൾട്ടോ വാടകയ്ക്കെടുത്താണ് കണ്ട് തീർത്തത്.3500 രൂപ വാടകയിനത്തിൽ കൊടുത്തത്.
എല്ലാ ഗ്രാമങ്ങളിലും ഹോം സ്റ്റേകൾ ഉണ്ട്. വാടക ചീപ്പാണ്. ഭക്ഷണത്തിന് കൊല്ലുന്ന വിലയും , നമുക്ക് ചേരാത്ത രുചിക്കൂട്ടുകളും ആണ് . മാഗി വല്യമുത്തശ്ശിയെ ആശ്രയിക്കേണ്ടി വരും നമ്മുടെ വിശപ്പിൻ്റെ രുധിരതാളത്തിന് സംതൃപ്തി നൽകാൻ .
ഓക്സിജൻ കുറവാണ് . ശരീരം ഡ്രൈ ആവുന്ന അവസ്ഥ . കടുത്ത തലവേദന , തുടങ്ങിയ ശല്യങ്ങൾ പലർക്കും അനുഭവപ്പെടാറുണ്ട്.
എപ്രകാരം എത്തിച്ചേരാം.
• മൂന്ന് വഴികളുണ്ട് . ഒന്ന് മനാലി വന്ന് ലോകത്തെ അപകടം നിറഞ്ഞ കുൻസും പാസിലൂടെ സ്പിതിയിലെത്താം. വിൻ്ററിൽ ക്ലോസ്ഡ് ആയിരിക്കും ഈ റൂട്ട്. മെയ് പകുതിയോടെ സാധാരണ നിലയിൽ റൂട്ട് ഓപ്പൺ ആവാറുണ്ട്.
• രണ്ടാമത്തേത് ഷിംല , കുഫ്രി - റെക്കോം പിയോ വഴി. എപ്പഴും ഓപ്പണാണ് ഈ റൂട്ട്. ഷിംലയിൽ നിന്ന് വൈകീട്ട് 6ന് റെക്കോം പിയോയിലേക്ക് ബസ് ഉണ്ട്. അവിടന്ന് കണക്ഷൻ ബസ് രാവിലെ കാസയിലേക്കുണ്ട്. ഷിംല - രാംപുർ - -റെക്കോംപിയോ ബസ് ചാർജ് 535 രൂപ വരും' . പന്ത്രണ്ട് മണിക്കൂർ ഓട്ടമുണ്ട് റെക്കോങ്ങ് പിയോയിലേക്ക്. അവിടന്ന് കാസയിലേക്ക് 8 മുതൽ 10 വരെ മണിക്കൂർ എടുക്കുന്നുണ്ട്.
• മൂന്നാമത്തെ റൂട്ട് കുളു , ജലോറി പാസ് , രാംപൂർ വഴി റെക്കോങ്ങ് പിയോ ആണ്.
കുളു റ്റു രാംപൂർ 2 ബസ് രാവിലെ ഉണ്ട് .12 മണിക്കൂർ ഓട്ടം വരും' . ഒന്ന് സർക്കാർ വകയും രണ്ടാമത്തേത് പ്രെയ് വറ്റും. ചാർജ് 240 രൂപ ഒരാൾക്ക് . രാംപൂറിൽ നിന്ന് റിക്കോങ്ങ്പിയോ ബസ് കിട്ടും. മൂന്നര മണിക്കൂർ ഓട്ടം അവിടേയ്ക്കും വരും.
ഷിംല റ്റു കാസ ആകെ 20 മുതൽ 25 വരെ മണിക്കൂർ ഓട്ടം പ്രതീക്ഷിക്കാം. കാലാവസ്ഥ, മലയിലെ ഗതാഗത കുരുക്ക് ഇതൊക്കെ ഡിപ്പൻസ് ആണ്. സാദാ ബസുകൾ പ്രതീക്ഷിച്ചാൽ മതി. കിടന്ന് ഉറങ്ങി വരാൻ സ്വന്തം നിലയിൽ വാഹനങ്ങൾ ഉപയോഗിക്കുന്നതാവും നല്ലത്.
• ദൽഹി റ്റു മണാലി 15 മണിക്കൂർ യാത്ര കൂടി കണക്കാക്കാം. ഷിംലയ്ക്കാണെങ്കിൽ 8 മണിക്കൂർ കൊണ്ട് ദെൽഹിയിൽ നിന്നെത്തും . ഐ. സ്. ബി. ടി കശ്മീരി ഗെയ്റ്റിൽ നിന്ന് രാത്രി ബസുകൾ ലഭ്യമാണ് .
എഴുത്ത് : പ്രവീൺ പടയമ്പത്ത്
Also Read » വേനൽക്കാലത്ത് ജർമ്മനിയിലെ ഓപ്പൺ എയർ സിനിമാശാലകൾ സജീവമാകുന്നു
Also Read » നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സിന്‍ ഫെയ്ന് മുന്നേറ്റം
English Summary : Located At The Northern Tip Of India That Not Many Know About Lahul Is Known For in Travel