മുരളി തുമ്മാരുകുടി | | 2 minutes Read
പുതുപ്പള്ളിയിലെ പാലം
ശ്രീ ഉമ്മൻചാണ്ടിയുടെ മരണശേഷം ഒട്ടും താമസിയാതെ പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ഒരു കണക്കിന് വിഷമമായി.
കേരള രാഷ്ട്രീയത്തിൽ ആറ് പതിറ്റാണ്ട് നിറഞ്ഞു ജീവിച്ച ഒരാളെപ്പറ്റി നല്ലതൊക്കെ പറഞ്ഞു തീരുന്നതിന് മുൻപ് തന്നെ രാഷ്ട്രീയകരണങ്ങളാൽ കുറ്റപ്പെടുത്തേണ്ടി വരുന്നത് വിഷമമല്ലേ.
മുഖ്യമന്ത്രി ആയിരുന്ന ശ്രീ ഉമ്മൻ ചാണ്ടിയുടെ മണ്ഡലത്തിൽ റോഡുകളും പാലങ്ങളും ഒക്കെ വേണ്ടത്ര വികസിക്കപ്പെട്ടിട്ടില്ല എന്നതാണ് ഒരു മുഖ്യമായ കുറവായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത് സത്യമാണോ എന്നൊന്നും എനിക്കറിയില്ല. ഇക്കാലത്ത് ഒരു ചിത്രം കണ്ടാൽ തന്നെ അത് സത്യമാണോ ഫോട്ടോഷോപ്പ് ആണോ എന്നൊന്നും അറിയാൻ പറ്റില്ല.
പക്ഷെ അറിയാവുന്ന ഒന്നുണ്ട്. ഒരാൾ മുഖ്യമന്ത്രി ആയാൽ അയാളെ അളക്കേണ്ടത് സ്വന്തം മണ്ഡലത്തിൽ എത്രമാത്രം വികസനം കൊണ്ടുവന്നു എന്ന അളവുകോൽ വച്ചിട്ടല്ല. സത്യത്തിൽ ഒരു മന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ മണ്ഡലത്തിൽ ചുറ്റുമുള്ള പ്രദേശങ്ങളെക്കാൾ കൂടുതൽ വികസനം ഉണ്ടെങ്കിൽ അത് തെറ്റായ കീഴ്വഴക്കമാണ്. കാരണം ആരും അങ്കമാലിയുടെ പ്രധാനമന്ത്രിമാർ അല്ലല്ലോ,മൊത്തം സംസ്ഥാനത്തിന്റെ മന്ത്രിയും മുഖ്യമന്ത്രിയും ഒക്കെ അല്ലേ? അപ്പോൾ സ്വന്തം മണ്ഡലത്തോട് പക്ഷപാതം കാണിക്കാമോ?
സ്വന്തം സംസ്ഥാനത്തേക്ക് ട്രെയിൻ അനുവദിച്ചും സ്വന്തം മണ്ഡലത്തിലേക്ക് ബസ് ട്രിപ്പ് അനുവദിച്ചും ഒക്കെ ക്രെഡിറ്റ് നേടുന്ന മന്ത്രിമാരെ കണ്ടു കണ്ടാണ് ഇത് നമുക്ക് സ്വാഭാവികമായി തോന്നി തുടങ്ങിയത്. നാടിൻറെ മൊത്തമായി വികസനം ആയിരിക്കണം മന്ത്രിമാരും മുഖ്യമന്ത്രിമാരും ഒക്കെ ലക്ഷ്യമിടേണ്ടത്. അത് വച്ചാണ് അവരെ അളക്കേണ്ടത്.
"നിയമസഭാ" സമാജികരെ പാലം വച്ച് അളക്കുന്നതാണ് അതിലും അതിശയം. നിയമസഭാ സാമാജികരുടെ ഏറ്റവും അടിസ്ഥാനമായ കർത്തവ്യം നിയമ നിർമ്മാണം ആണ്. ഒരാൾ അമ്പത് വർഷം നിയമസഭാ സാമാജികൻ ആയിട്ടുണ്ടെങ്കിൽ ചോദിക്കേണ്ട ന്യായമായ ചോദ്യം എത്ര നിയമങ്ങളുടെ നിർമ്മാണത്തിന് അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ടെന്നാണ്. ഇത് നമ്മൾ തിരഞ്ഞു വിടുന്ന ഓരോ നിയമസഭാ സാമാജികരോടും ചോദിക്കേണ്ടതാണ്. മറ്റു പല ജനാധിപത്യ രാജ്യങ്ങളിലും സെനറ്റർമാരും എം പി മാരും ഒക്കെ രണ്ടാമത് തിരഞ്ഞെടുപ്പിനു മത്സരിക്കുമ്പോൾ അവരുടെ നിയമ നിർമ്മാണ സഭയിലെ റെക്കോർഡ് ആണ് എടുത്ത് പറയുന്നത്.
ഇതിന് പകരം നമ്മൾ എന്താണ് ചെയ്യുന്നത് ?. നമ്മുടെ നിയമസഭാ സാമാജികരെ പൊതുമരാമത്ത് വകുപ്പിലെ എൻജിനീയർമാരുടെ തൊഴിലിലേക്ക് കുറച്ചു കൊണ്ട് വരികയാണ്. പണ്ടൊക്കെ പൊതുമരാമത്ത് മന്ത്രിയെ കണ്ട് മണ്ഡലത്തിലെ കാര്യങ്ങൾ പറഞ്ഞാൽ മതിയായിരുന്നു. ഇപ്പോൾ സർക്കാരിൽ നിന്നും കിട്ടുന്ന എം എൽ എ ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തിലെ മരാമത്തുകൾ ചെയ്യാനുള്ള പ്രോജക്റ്റ് ഉണ്ടാക്കി അത് നടപ്പിലാക്കാൻ സമയം ചിലവാക്കണം. മണ്ഡലത്തിലെ എല്ലാ കല്യാണത്തിനും മറ്റാവശ്യങ്ങൾക്കും തല കാണിക്കണം, നമ്മൾ അനാവശ്യത്തിന് പോലും ബന്ധപ്പെട്ടാൽ സഹായിക്കുകയോ സഹായിക്കുമെന്ന് പറയുകയോ ചെയ്യണം. ഇതൊക്കെ ആണ് നമ്മൾ പ്രതീക്ഷിക്കുന്നത്. ഇതിനിടക്ക് നിയമം നിർമ്മിക്കുന്നോ, ഭരണ സംവിധാനത്തിന്റെ അൽകൗണ്ടബിലിറ്റി ഉറപ്പാക്കുന്നോ എന്നതൊന്നും നമുക്ക് വിഷയമല്ല. സത്യത്തിൽ ഈ എം എൽ എ, എം പി ഫണ്ടുകൾ തന്നെ ഒരു നല്ല പരിപാടി ആണ് എന്ന് എനിക്ക് തോന്നുന്നില്ല. നിയമ നിർമ്മാണ സഭയിലെ ഉത്തരവാദിത്തങ്ങൾക്ക് ഇതൊരു ഡിസ്ട്രക്ഷൻ ആണ്.
ഇതൊക്കെ കണ്ടു വളരുന്ന പുതിയ തലമുറയിലെ നേതാക്കൾ ഇതൊക്കെയാണ് നിയമസഭാ സാമാജികരുടെ ഉത്തരവാദിത്തം എന്ന് ചിന്തിക്കുന്നു. കല്യാണങ്ങൾ കൂടുന്നു, എം എൽ എ ഫണ്ട് കൊണ്ട് പാലങ്ങൾ ഉണ്ടാക്കാൻ നോക്കുന്നു. ഇതൊക്കെ കൂടുതൽ ചെയ്യുന്നവരെ നാം തിരഞ്ഞെടുക്കുന്നു. ഇതൊന്നും അടുത്തയിടക്കൊന്നും മാറുമെന്ന് തോന്നുന്നില്ല.
എന്നാലും പറയാനുള്ളത് പറയണമല്ലോ.
മുരളി തുമ്മാരുകുടി
Also Read » മധ്യപ്രദേശിലും ഛത്തീസ്ഗഡിലും നിയമസഭാ വോട്ടെടുപ്പ് പുരോഗമിക്കുന്നു; വോട്ടെണ്ണല്‍ അടുത്തമാസം മൂന്നിന്
Also Read » ഗവർണർ - സർക്കാർ പോര് രൂക്ഷം : പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കുമെന്ന് തമിഴ്‌നാട് സ്പീക്കർ
English Summary : Murali Thummarukudi Writes Article in Travel