| 4 minutes Read
കാർത്തിക് ശിവശങ്കരൻ
ശ്രീചക്ര ഭൂമിയിൽ...
ഭാരതത്തിന്റെ ക്ഷേത്രനഗരം, ഭക്തിയുടെ പരിശുദ്ധിയും -പട്ടിന്റെ നൈർമല്യവുമുള്ള ഈ പുണ്യസ്ഥലിയെ സാക്ഷാൽ ശ്രീചക്രഭൂമിയെന്ന് വിളിക്കുന്നു മഹത്തുക്കൾ.
ശൈവ-വൈഷ്ണവ-ശക്തി സങ്കൽപ്പങ്ങൾ ഒന്ന് ചേരുന്ന ഈ പുണ്യ ഭൂമി ആദി ശങ്കരന്റെ പാദധൂളികളേൽക്കയാൽ ഭാരതമെങ്ങും കീർത്തികേട്ടു.ഭക്തി വിശ്വാസങ്ങളുടെ ഊടുംപാവും നെയ്യുന്ന ഈ ശക്തിപീഠത്തിന്റെ നാമം-
കാഞ്ചിപുരം -ബ്രഹ്മാണ്ഡ നായകിയായ ശ്രീ ലളിതാത്രിപുരസുന്ദരിയുടെ സാമ്രാജ്യം.
അതിരാവിലെ 5മണിക്ക്തന്നെ യാത്ര പുറപ്പെട്ടു.കാറിലായിരുന്നു യാത്ര.ചെന്നൈയിൽ കോയമ്പേടിൽ നിന്ന് ധാരാളം
ബസ്സുകൾ കാഞ്ചീപുരത്തേക്ക് സർവീസുണ്ട്, കൂടാതെ ലോക്കൽ ട്രെയിനുകളും.കൃത്യം 6:30ന് ഞങ്ങൾ കാഞ്ചിയിലെത്തി.
കാഞ്ചിപുരം എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുക കാഞ്ചിപുരം പട്ടാകും, പക്ഷേ എനിക്ക് കാഞ്ചിയെന്നാൽ ശ്രീകാമാക്ഷി അമ്മയാണ്.ക്ഷേത്രനഗരമായ കാഞ്ചിയിൽ മുൻപ് പോയപ്പോളെല്ലാം ആദ്യം കാമാക്ഷിയുടെ തിരുസവിധത്തിലേക്കാണ് പോയിട്ടുള്ളത്.ഇത്തവണയും പതിവ് തെറ്റിച്ചില്ല.
കാഞ്ചി കാമാക്ഷി ക്ഷേത്രം
ക്ഷേത്രനഗരമായ കാഞ്ചിയ്ക്ക് ശ്രീചക്രത്തിന്റെ മാതൃകയത്രേ. ശ്രീചക്രത്തിന്റെ കേന്ദ്രബിന്ദുവായ സാക്ഷാൽ ആദിപരാശക്തിയാകുന്നു കാമാക്ഷി ദേവി.
തമിഴ്നാട്ടിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും, ക്ഷേത്രനഗരങ്ങളിലും ശൈവക്ഷേത്രങ്ങളിൽ മഹാദേവനോടൊപ്പം ശ്രീപാർവതിയെ പ്രത്യേകനാമത്തിൽ, പ്രത്യേകമായ് തീർത്ത ശ്രീകോവിലിൽ ആരാധിക്കുമ്പോൾ ഇവിടെ കാഞ്ചിയിൽ അങ്ങനെയില്ല.ശിവക്ഷേത്രമായ ഏകാംബരേശ്വരത്തും,കച്ചഭേശ്വരത്തും മഹാദേവനും മറ്റ് ഉപദേവതകളും മാത്രം.കാഞ്ചിയിൽ ഒരേ ഒരു ശക്തി സന്നിധി മാത്രം,ജഗദംബികയായ കാമാക്ഷി ദേവിയുടേത്.
ചരിത്രം-ഐതീഹ്യം
4 ഗോപുരങ്ങളുള്ള, 5 ഏക്കറോളമുള്ള ഈ ക്ഷേത്രവിസ്മയം കാഞ്ചിപുരം ആസ്ഥാനമായ് ഭരിച്ചിരുന്ന പല്ലവരാജാക്കന്മാർ പണിതീർത്തതത്രേ.ഭണ്ഡാസുര വധത്തിനായ് ദേവി പരാശക്തി ഇവിടെ അവതരിച്ചുവെന്നും ഭണ്ഡാസുരവധശേഷം ദേവിയെ ഇവിടെ ക്രോധഭട്ടാരകനായ ശ്രീദുർവാസാവ് മഹർഷി കുടിയിരുത്തിയെന്നും പറയുന്നു.
ശിവനാൽ ശപിക്കപ്പെട്ട ശ്രീപാർവതി മാതാവ് ഇവിടെ വന്ന് ഒരു മാവിന്റെ ചുവട്ടിൽ അതികഠിനമായ തപം അനുഷ്ഠിച്ചുവെന്നും തപസ്സിൽ പ്രീതനായ മഹാദേവൻ അവിടെ പ്രത്യക്ഷനായ് ദേവിയേ ആ മാഞ്ചുവട്ടിൽ വച് പരിണയം ചെയ്തുവെന്നും പറയപ്പെടുന്നു.കാഞ്ചിയിലെ ഏകാംബരേശ്വര ക്ഷേത്രത്തിൽ ഇന്നും നമുക്ക് ആ മാവും,മണ്ണിൽ തീർത്ത ശിവലിംഗവും നമുക്ക് ദർശിക്കാം.
കലിയുഗം കാക്കാൻ അമ്മ ഭഗവതി ഭാരതഖണ്ഡത്തിൽ മധുരയിൽ മീനാക്ഷിയായും, കാഞ്ചിയിൽ കാമാക്ഷിയായും,കാശിയിൽ വിശാലാക്ഷിയായും കൂടിയിരുന്നു.ഭാരതത്തിലെ 51 ശക്തി പീഠങ്ങളിൽ സതീ മാതാവിന്റെ നാഭി വന്ന് പതിച്ച സ്ഥലമാണ് കാഞ്ചി എന്നും അഭിപ്രായമുണ്ട്.
ചരിത്രവും ഐതീഹ്യവും അവിടെ നിൽക്കട്ടെ,വരൂ നമുക്ക് അകത്തു പോയ് കാമാക്ഷിയെ ദർശിക്കാം.വഴിയരികിൽ പൂക്കൾ, മാലകൾ,കുങ്കുമം മറ്റ് പൂജാവസ്തുക്കൾ വിൽക്കുന്ന കടകളും, കച്ചവടക്കാരും ധാരാളം.കിഴക്കേ ഗോപുരം കടന്ന് നമ്മൾ ക്ഷേത്രമുറ്റതെത്തുമ്പോൾ നമുക്ക് സ്വർണ്ണകൊടിമരവും,സിംഹവാഹനവും ദർശിക്കാം.
അവിടെ നിന്ന് വലത്തോട്ട് നീങ്ങി തെക്കേ നടവഴി നാലമ്പലത്തിൽ പ്രവേശിക്കാം.കവാടത്തിന്റെ ഇരുവശത്തായ് ഗണപതി,നാഗസുബ്രഹ്മണ്യൻ എന്നിവരെ ദർശിക്കാം.ക്ഷേത്രത്തിൽ പ്രവേശിച്ചു പ്രദക്ഷിണമായ് മുൻപോട്ടു നീങ്ങുമ്പോൾ ശ്രീകോവിലും, സ്വർണഗോപുരവും,ഗായത്രിമണ്ഡപവും കാണാം.ശ്രീകോവിലിനു മുൻപിലായ് കാണുന്ന ഗായത്രി മണ്ഡപത്തിന് വേദങ്ങളാകുന്ന 4ചുവരുകളും,ഗായത്രി മന്ത്രത്തെ കുറിക്കുന്ന 24 കാലുകളുമുണ്ട്.ശ്രീലകത്തിനു മുൻപിലെത്തുന്ന വേളയിൽ തന്നെ നമുക്ക് ദേവീ രൂപം ദൃശ്യമാകുന്നു.
കാഞ്ചി കാമാക്ഷി ഭഗവതി അമ്മൻ
സൃഷ്ടിസ്ഥിതിസംഹാരക്കാരിണിയും,ശ്രീചക്രനിവാസിനിയും, വിശ്വമാതൃസ്വരൂപിണിയുമായ സാക്ഷാൽ ലളിതാത്രിപുരസുന്ദരി മാതാവ് നാലുകൈകളിൽ പുഷ്പബാണം,കരിമ്പുവില്ല്,പാശം,അങ്കുശം എന്നിവ ധരിച്ചു പത്മാസനസ്ഥിതയായ്,ശിരസ്സിൽ ചന്ദ്രക്കലചൂടി,സർവ്വാലങ്കാര വിഭൂഷിതയായ കാമാക്ഷി എന്ന നാമത്തിൽ ദർശനമേകുന്നു.
പീതവർണ്ണചേല ഞൊറിഞ്ഞുടുത്ത അമ്മയുടെ വടിവൊത്ത അരക്കെട്ടും,മാതൃത്വം നിറഞ്ഞു തുളമ്പുന്ന മാറിടവും,കോടിസൂര്യപ്രഭ ചൊരിയും മുഖകമലവും,കാരുണ്യത്തിൻ കടലിരമ്പും കടകണ്ണുകളും കാണുന്ന ഏതൊരു ഭക്തനും അറിയാതെ വിളിച്ചു പോകും "അമ്മേ ത്രിപുരസുന്ദരീ".
സിന്ദൂരാരുണ വിഗ്രഹാം ത്രിനയനാം മാണിക്യ മൗലിസ്ഫുരത്
താരാ നായക ശേഖരാം സ്മിതമുഖീ മാപീന വക്ഷോരുഹാം
പാണിഭ്യാമലി പൂര്ണ രത്ന ചഷകം രക്തോത്പലം ബിഭ്രതീം
സൗമ്യാം രത്ന ഘടസ്ഥ രക്ത ചരണാം ധ്യായേത് പരാമംബികാം
ഓം ശ്രീ മാതേ നമഃ
സത്യത്തിൽ കാമാക്ഷി ഭഗവതിയുടെ രൂപം വർണിക്കാൻ ശ്രമിക്കുന്ന ഞാൻ എന്തൊരു വിഡ്ഢിയാണ്. അമ്മേ... ഈ ബ്രഹ്മാണ്ഡം തന്നെ നീയാകുന്നു,ഈ ബ്രഹ്മാണ്ഡത്തെയും അതിൽ നിറയുന്ന നിന്റെ സൗന്ദര്യത്തെയും വർണിക്കുവാൻ ആയിരം നാവുള്ള അനന്തനു പോലും കഴിയില്ല പിന്നാണോ നിന്റെ കാൽനഖത്തിലെ ചെറുധൂളി മാത്രമായ ഈ ഞാൻപൂക്കളുടെയും,സാമ്പ്രാണിയുടെയും സൗരഭ്യം നിറയുന്ന ശ്രീകോവിലിൽ അമ്മയുടെ തിരുമുൻപിലായ് ശ്രീചക്രപ്രതിഷ്ഠയും ദർശിക്കാം.
ശ്രീചക്രം
ചക്രങ്ങളുടെ അധിപതിയാണ് ശ്രീചക്രം. ശ്രീചക്രം ഇന്ന് വെറുമൊരു യന്ത്രമായ് കാണുന്നു ചിലർ.സാക്ഷാൽ ബ്രഹ്മാണ്ഡം തന്നെയാണ് ശ്രീചക്രം.കാഞ്ചിയിൽ ശ്രീചക്രപ്രതിഷ്ഠ നടത്തിയത് ആദിശങ്കരാചാര്യ സ്വാമികളാണെന്ന് പറയപ്പെടുന്നു.ശ്രീചക്രത്തിന്റെ കേന്ദ്രബിന്ദുവായാണ് ആദിശക്തിയെ സങ്കല്പിക്കുന്നത്.
ത്രിമൂർത്തികൾ,നവഗ്രഹങ്ങൾ, ഭൈരവന്മാർ, യോഗിനിമാർ, മറ്റ് ദേവിദേവസങ്കൽപ്പങ്ങൾ ശ്രീചക്രത്തിൽ സാന്നിധ്യമാകുന്നു.സാക്ഷാൽ ഭഗവതിയുടെ സ്ഥൂലരൂപമായ ശ്രീചക്രം ശ്രീവിദ്യോപാസനയുടെ അടിസ്ഥാനഘടകമാണ്.കാഞ്ചിയിലെത്തുന്ന ഓരോ മനുഷ്യമനസ്സിനെയും ആത്മീയോന്നതിയിൽ എത്തിക്കുന്നു ഈ ശ്രീചക്രവും അതിൽ കുടികൊള്ളുന്ന ശക്തിയും.
കാഞ്ചി കാമാക്ഷിയെ ദർശിച്ചു മുൻപോട്ടു നീങ്ങുമ്പോൾ മഹാസരസ്വതി,അന്നപൂർണേശ്വരി,പൂർണപുഷ്ക്കലസമേതശാസ്താവ്,ആദിശങ്കരാചാര്യ സ്വാമി എന്നിവരെ നമുക്ക് ദർശിക്കാം.അന്നപൂർണേശ്വരി സനിധിയുടെ മുൻപിൽ വെച്ച കണ്ണാടിയിലൂടെ നമുക്ക് ദേവിയുടെ തിരുസവിധത്തിനു പുറകിലായ് കുടികൊള്ളുന്ന ശ്രീ മഹാവിഷ്ണുവിനെയും ദർശിക്കാം.
നാലമ്പലത്തിൽ നിന്ന് തൊഴുതു വെളിയിൽ വന്ന് ക്ഷേത്രപ്രദക്ഷിണം ചെയുന്നവേളയിൽ നമുക്ക് വിശ്വനാഥൻ, ദുർഗ്ഗാഭഗവതി,ഭൈരവൻ എന്നീ ദേവതമാരെയും ദർശിക്കാം.ക്ഷേത്രക്കുളകരയിൽ നിന്നുള്ള ശ്രീകോവിലിന്റെ സ്വർണ്ണഗോപുരത്തിന്റെ ദർശനം അവർണനീയമായൊരനുഭൂതി നമ്മിലുളവാക്കുന്നു.
ഉദയസൂര്യൻ തന്റെ കിരണങ്ങൾ കൊണ്ട് ആ സ്വർണഗോപുരത്തിനും അതിനു ചുവടെ വാഴുന്ന ശക്തിസ്വരൂപിണിക്കും തന്റെ കിരണങ്ങൾ കൊണ്ടർച്ചന നടത്തുന്ന പോലെ തോന്നി.പ്രദക്ഷിണം പൂർത്തിയാക്കി കൊടിമരചുവട്ടിലിരുന്ന് ലളിതാ സഹസ്രനാമം ജപിച്ചു.
ലളിത ജപിച്ചു തുടങ്ങിയ നാൾ തൊട്ടുള്ള ആഗ്രഹമാണ് കാഞ്ചി കാമാക്ഷിയുടെ മുൻപിലെത്തി സഹസ്രനാമം ജപിക്കണമെന്നത്.മുൻപ് പോയപ്പോൾ കോവിഡ് നിയന്ത്രണം മൂലം കഴിഞ്ഞില്ല, എന്നാൽ ഇത്തവണ ആ മോഹവും നിറവേറി. നാമജപ ശേഷം പൂജ കഴിഞ്ഞ് നടതുറന്ന സമയമായതു കൊണ്ട് ഒന്നുകൂടെ ദർശനത്തിനായ് അകത്തു പോയി, തിരക്ക് വളരെ കുറവായതു കൊണ്ട് ഇത്തവണ വളരെ അടുത്ത് നിന്ന് ദർശിക്കുവാൻ സാധിച്ചു.
അങ്ങനെ കാമാക്ഷി മാതാവിന്റെ ദർശനപുണ്യവുമായ് അവിടെ നിന്ന് യാത്ര തിരിക്കാൻ സമയമായ്.അവിടെ നിന്ന് നേരെ പോയത് ക്ഷേത്രത്തോട് ചേർന്നുള്ള ആദികാമാക്ഷി ക്ഷേത്രത്തിലേക്കാണ്.
ആദികാമാക്ഷി ക്ഷേത്രം
കാമാക്ഷി ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ് പറയുന്ന ഈ ക്ഷേത്രത്തിൽ ഉഗ്രസ്വരൂപിണിയായ് ദേവി നാലു കൈകളിൽ പാശം, അങ്കുശം, അഭയമുദ്ര, വട്ടക എന്നിവയേന്തി കാൽകീഴിൽ അരിഞ്ഞു വീഴ്ത്തിയ അസുരശിരസ്സുകളോടെ കുടികൊള്ളുന്നു.ശ്രീശങ്കരാചാര്യർ പ്രതിഷ്ഠിച്ച ശ്രീചക്രവും ദേവിയ്ക്ക് മുൻപിലായ് നമുക്ക് ദർശിക്കാം.
അങ്ങനെ ശ്രീയെഴും രഹസ്യങ്ങൾ ഉറങ്ങുന്ന ശ്രീചക്രഭൂമിയിൽ അടുത്ത ലക്ഷ്യസ്ഥാനത്തേക്ക് ഞങ്ങൾ യാത്ര തിരിച്ചു. ക്ഷേത്രത്തിലെ ഉച്ചഭാഷിണിയിൽ നിന്ന് അഗസ്ത്യ വിരചിതമായ ലളിതാംബിക സ്തുതി മുഴങ്ങി കേട്ടു :
ശ്രീചക്രരാജസിംഹാസനേശ്വരീ ശ്രീലളിതാഅംബികേ ഭുവനേശ്വരീ.
ആഗമവേദ കലാമയ രൂപിണീഅഖിലചരാചര ജനനിനാരായാണീ
-കാ.ശി
English Summary : On The Earth Of Srichakra Travelogue Karthik Sivasankaran in Travel