| 2 minutes Read
ടോം കുളങ്ങര
മ്യൂറെൻഗ്രാമം വരെയുള്ളയാത്രയ്ക്ക് വൺഡേ പാസ് മാത്രം മതി. അതിനു മുകളിലെ മലകളിലോട്ട് യാത്ര ചെയ്യണമെങ്കിൽ വേറെ ടിക്കറ്റ് എടുക്കണം.
സ്വിസ്സ് പാസ് ട്രാവൽ കാർഡ് ഉണ്ടെങ്കിൽ ടിക്കറ്റിന് ഇളവുണ്ട്. ജന്മദിനത്തിലാണ് യാത്രയെങ്കിൽ ടിക്കറ്റ് സൗജന്യമായി ലഭിക്കും.
ഈ പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഷിൽത്തോണിലേയ്ക്കാണ് ഞങ്ങളുടെ യാത്ര.
ഫെബ്രുവരി പകുതി മുതൽ മാർച്ച് പകുതി വരെ സ്വിറ്റ്സർലാൻഡിന്റെ പല ഭാഗങ്ങളിലും മഞ്ഞുകാല വിനോദങ്ങൾക്കായുള്ള അവധിക്കാലമാണ്.
മലമുകളിലേയ്ക്കുള്ള യാത്രയ്ക്ക് നല്ല തിരക്കുണ്ട്. സ്വയമേ സ്വയരക്ഷ എന്നതാണ് ഇപ്പോഴത്തെ സ്വിറ്റ്സർലാൻഡിന്റെ നയം.
അതുകൊണ്ട് തന്നെ മാസ്കോ മറ്റു മാനദണ്ഡങ്ങളോ നിർബന്ധമില്ല. കേബിൾ കാർ പതുക്കെ പൊങ്ങി.
സൂചികുത്താൻ ഇടമില്ല കേബിൾ കാറിൽ. ശൈത്യകാല വിനോദങ്ങൾക്കായ് ബിർഗിലേയ്ക്കും ഷിൽത്തോണിലേയ്ക്കും പോകുന്നവരാണ് ഭൂരിഭാഗം പേരും.
മ്യൂറെൻ ഗ്രാമത്തിൽ നിന്നും ആയിരം മീറ്റർ ഉയരത്തിലും, ഷിൽത്തോൺ കൊടുമുടിയുടെ കിഴക്കുമാറി മുന്നൂറ് മീറ്റർ താഴെയുമായി ഒരു പാറക്കെട്ടിലാണ് ബിർഗ് സ്റ്റേഷൻ നിർമ്മിച്ചിരിക്കുന്നത്.
എത്ര തവണ കണ്ടാലും കൊതി തീരാത്ത ഭൂപ്രദേശമാണ് ബെർണർ ആൽപ്സും, അതിന്റെ താഴ്‌വരകളും.
ഋതുഭേദങ്ങൾക്ക് അനുസരിച്ച് രൂപവും ഭാവവും മാറ്റി സഞ്ചാരികളെ ആകർഷിക്കുന്ന ശാന്തസുന്ദരമായ മറ്റൊരു പ്രദേശം ഈ ഭൂലോകത്തുണ്ടോ എന്നത് സംശയമാണ്.
കടുത്ത സമ്മറിലും സഞ്ചാരികളെ കൂടുതൽ ഉന്മേഷവാൻമാരാക്കുന്ന സുഖ ശീതളകാലാവസ്ഥ.
ചുറ്റുപാടുമുള്ള മലകളിലെ മനോഹര കാഴ്ചകളിലൂടെ നടക്കുമ്പോൾ ലഭിക്കുന്ന ശുദ്ധമായ വായു.
പ്രകൃതിയ്ക്ക് തെല്ലും പരിക്കേൽപ്പിക്കാതെയാണ് പ്രകൃതിസ്നേഹികളായ ഇവരുടെ നിർമ്മാണപ്രവർത്തനങ്ങളെല്ലാം.
ഷിൽത്തോണിലേക്കുള്ള വഴിയിൽ ഇടയിലുള്ള ബിർഗ് സ്റ്റേഷനിൽ ഞങ്ങൾ ഇറങ്ങി.
2677 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ബിർഗ് സ്റ്റേഷനിന്നുള്ള പനോരമ കാഴ്ചകൾ ആസ്വദിക്കുന്നത് തീർച്ചയായും മൂല്യവത്താണ്.
ശൈത്യകാലത്ത് സ്കീയിംഗ് ഏരിയയുടെ കേന്ദ്രബിന്ദുവാണ് ബിർഗ്. ലോകത്തിന്റെ നനാഭാഗത്തു നിന്നും ധാരാളംപേർ മഞ്ഞുകാല വിനോദങ്ങൾക്കായ് ഇവിടെയെത്തുന്നു.
പലരും ഇവിടെ നിന്ന് സ്കീയിംഗ് ആരംഭിക്കുകയും, റെസ്റ്റോറന്റിലെ വിശാലമായ ടെറസിൽ സൂര്യപ്രകാശത്തിന്റെ അവസാന കിരണങ്ങളും ഏറ്റുവാങ്ങി ബിയറും നുണഞ്ഞ് അവസാനിപ്പിക്കുകയും ചെയ്യുന്നു.
വലിയ സൺ ടെറസുള്ള ബിസ്ട്രോ റെസ്ന്റോറന്റിൽ ഇരുന്നാൽ ഐഗർ, മോൺഷ്, യുങ്ങ്ഫ്രാവ് എന്നീ മലകളെ ഒറ്റ ഫ്രെയിമിൽ അടുത്ത് കാണാം.
ബിർഗ് റെസ്ന്റോറന്റിന്റെ ടെറസ്സിൽ നിന്ന് താഴേക്ക് പടികൾ ഇറങ്ങിയാൽ മലയ്ക്ക് ലംബമായി തീർത്ത പാതയിലൂടെ പരുക്കൻ പർവ്വത ഭൂപ്രദേശത്തിന്റെ കാഴ്ചകൾ കണ്ട് നടക്കാം.
ത്രിൽവാക്ക് തരുന്ന ആവേശം അക്ഷരാർത്ഥത്തിൽ ഒരു പ്രത്യേക അനുഭൂതിയാണ്.
ആകാശനടപ്പിലൂടെയാകട്ടെ (Skyline Walk) സഞ്ചാരികളെ കാഴ്ചയുടെ പുത്തൻ തലങ്ങളിലേയ്ക്ക് ആനയിക്കുന്നു.
ഈ നടപ്പിൽ അതിശയിപ്പിക്കുന്ന ആനന്ദകരമായ പനോരമിക് കാഴ്ചകളുടെ നല്ല ചിത്രങ്ങളും, കൊതി തീരേ സെൽഫികളും എടുക്കാം.
ഇത്തരത്തിലൊരു അനുഭവം ബിർഗ് സ്റ്റേഷനിൽ ഉള്ളതിനേക്കാൾ അധികമായി മറ്റൊരിടത്തും കിട്ടുമെന്ന് തോന്നുന്നില്ല.
ഇരുന്നൂറ് മീറ്റർ നീളമുള്ള ത്രിൽ വാക്കിന്റെ നടപ്പാത വിന്ററിൽ പകുതിയോളം അടിച്ചിടും. പരുക്കൻ പാറക്കൂട്ടങ്ങൾക്കിടയിലൂടെയുള്ള നടത്തത്തിനും കൂടുതൽ കാഴ്ചകൾ കാണാനും നല്ലത് വേനൽക്കാലമാണ്.
സമയം ഉച്ചയോട് അടുത്തു. ഷിൽത്തോൺ കൊടുമുടിയിലേയാക്കാണ് ഇനിയുള്ള യാത്ര. അവിടത്തെ കാഴ്ചവിശേഷങ്ങൾക്കായി അല്പം കാത്തിരിക്കുക.
Also Read » മഞ്ഞു ലോകത്തെ വിസ്മയക്കാഴ്ചകളുമായി അബുദാബിയിൽ സ്നോ പാർക്ക് തുറക്കും
Also Read » 14 ഫെബ്രുവരി എന്ന ചിത്രത്തിലെ ഗാനങ്ങൾ തരംഗിണി മ്യൂസിക്കിലൂടെ പുറത്തിറങ്ങി
English Summary : Through The Snow Capped Alps 2 in Travel